കോടിയേരിയുടെ വാദങ്ങള്‍ പൊളിച്ച് അഭിഭാഷകനും, എല്ലാം നേരത്തെയറിഞ്ഞു !

മുംബൈ: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ.പി ശ്രീജിത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയും ബിനോയ് കോടിയേരിയുടെ മാതാവുമായ വിനോദിനി ബാലകൃഷ്ണന്‍ ചര്‍ച്ചകള്‍ക്കായി മുംബയിലെത്തിയിരുന്നു. തന്റെ സാന്നിധ്യത്തിലായിരുന്നു മധ്യസ്ഥ ചര്‍ച്ചകളെന്നും വിഷയത്തിന്റെ ഗൗരവം താന്‍ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി.

എന്നാല്‍, താന്‍ പറഞ്ഞത് കോടിയേരി മുഖവിലയ്‌ക്കെടുത്തില്ലെന്നും ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരി പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേസ് ഒത്തു തീര്‍പ്പാക്കാന്‍ അഞ്ചുകോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോള്‍ പണം നല്‍കിയാല്‍ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛന്‍ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണ് എന്നും ബിനോയി പറഞ്ഞതായി അഭിഭാഷകന്‍ വെളിപ്പെടുത്തി. ഇതോടെ ബിനോയ്‌ക്കെതിരെ യുവതി നല്‍കിയ പീഡന പരാതി കൂടുതല്‍ ശക്തമായ കുരുക്കുകളിലേക്കാണ് നീങ്ങുന്നത്.

അതേസമയം യുവതിയുടെ പരാതിയില്‍ ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം എച്ച് ഷെയ്ക്ക് ഹര്‍ജി പരിഗണിക്കുക.

കേസില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. 2009 മുതല്‍ 2015 വരെ ബിനോയ്ക്കൊപ്പം ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചെന്ന് യുവതി പറയുമ്പോള്‍ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനില്‍ക്കുക എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ അശോക് ഗുപ്ത വാദിച്ചത്.

എന്നാല്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ജാമ്യം കിട്ടിയതിന് ശേഷം പൊലീസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് ഉള്ളത്. എന്നാല്‍ ബിനോയ്ക്കെതിരെ ശക്തമായ തെളിവുള്ളതിനാല്‍ കോടതി ജാമ്യം നല്‍കില്ലെന്നാണ് പ്രോസിക്യൂഷന്‍ കരുതുന്നത്.

Top