തിരുവനന്തപുരം: സര്‍ക്കാരിന്റെ പകപോക്കലിന് വിധേയമാവുന്ന ഐപിഎസ് ഓഫീസര്‍മാരെ സംരക്ഷിക്കുമെന്ന് സിപിഎം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അവഗണിക്കപ്പെടുകയും ജില്ലാ ഭരണങ്ങളില്‍നിന്ന് തെറുപ്പിക്കപ്പെടുകയും ചെയ്ത ഐപിഎസ് ഓഫീസര്‍മാര്‍ക്ക് സത്യസന്ധമായി ജോലി ചെയ്യാനുള്ള അവസരം ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ ഒരുക്കുമെന്നാണ് സിപിഎം നേതാക്കളുടെ നിലപാട്. ഇതു സംബന്ധമായി ചില ഉറപ്പുകള്‍ ‘ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക്’ പാര്‍ട്ടി നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
വിന്‍സന്‍ എം പോള്‍ റിട്ടയര്‍ ചെയ്തതോടെ പുതുതായി ഡിജിപിയായ ഋഷിരാജ് സിങ്ങ് അടക്കം 3 ഡിജിപിമാര്‍ (സംസ്ഥാന പോലീസ് ചീഫ് ഒഴികെ) നിലവിലുണ്ടായിട്ടും എഡിജിപി തസ്തികയിലുള്ള ജൂനിയര്‍ ഉദ്യോഗസ്ഥനെ ഡിജിപി കേഡര്‍ പോസ്റ്റായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് അവരോധിച്ചത് ബാര്‍ കോഴ അടക്കമുള്ള സര്‍ക്കാരിനെതിരായ കേസുകള്‍ അട്ടിമറിക്കാനാണെന്നാണ് സിപിഎം വിലയിരുത്തല്‍.
വിജിലന്‍സ് ഡയറക്ടര്‍ തസ്തിക നികത്താതെ ഡിജിപി ബെഹ്‌റയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം ലീവില്‍ പോകാന്‍ തീരുമാനിച്ചതും സംസ്ഥാന പോലീസ് ചീഫ് ഒഴികെയുള്ള മൂന്ന് ഡിജിപിമാര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞതും അസാധാരണ സംഭവമായിട്ടാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. ഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥനെ തന്നെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്.
അതേസമയം, ജയില്‍ ഡിജിപി ബെഹ്‌റയുടെ സ്ഥലം മാറ്റവും ഇപ്പോഴത്തെ സംഭവവികാസങ്ങളും അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ജില്ലാ ഭരണത്തില്‍ നിന്ന് കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തിനിടക്ക് യുവ ഐപിഎസുകാരെ തെറുപ്പിച്ചതും കോണ്‍ഗ്രസ് -ലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണെന്നും ഇത് ശരിയായ നടപടിയല്ലെന്നുമുള്ള നിലപാട് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനുമുണ്ട്.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ യുവ ഐപിഎസുകാരെ ജില്ലകളില്‍ നിയമിച്ചതെന്നാണ് സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
ആശ്രിതവത്സലരായ കണ്‍ഫേഡ് ഐപിഎസുകാര്‍ക്കുവേണ്ടിയാണ് ചില ജില്ലകളില്‍ നിയമനം നല്‍കി മാസങ്ങള്‍ക്കുള്ളില്‍ തന്നെ യുവ എസ്പിമാരെ തെറുപ്പിച്ചിരുന്നത്.
ഇക്കാര്യവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേരത്തെ ശക്തമായി പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു.
ഒരു സര്‍ക്കാര്‍ ജീവനക്കാരനെ ആക്രമിച്ചതിന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടിയതിന് സ്ഥലം മാറ്റപ്പെട്ട മുന്‍ വയനാട് എസ്പി അജിതാബീഗത്തിന്റെ കാര്യവും നിയമനം നല്‍കപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ വിവിധ ജില്ലകളിലേക്ക് പന്തുതട്ടുന്നതുപോലെ തട്ടപ്പെട്ട ഡോ. ശ്രീനിവാസ് ഉള്‍പ്പെടെയുള്ള യുവ ഐപിഎസ്‌കാരുടെ ഗതികേടുമെല്ലാം സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഇത്തരത്തില്‍ ഒരു ഡസനോളം പേരാണ് അന്യായമായി സ്ഥലം മാറ്റപ്പെട്ടിരുന്നത്.
ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള പോരില്‍ സിപിഎം സംസ്ഥാന നേതൃത്വം പരസ്യമായി കടുത്ത നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് ഇക്കാര്യത്തില്‍ ജേക്കബ് തോമസിനു വേണ്ടി ശക്തമായി രംഗത്തുള്ളത്.
കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് മൂന്നാര്‍ ദൗത്യത്തിന് വിഎസ് നിയോഗിച്ച ‘മൂന്നു പൂച്ചകളില്‍’ പ്രധാനിയായ ഋഷിരാജ് സിങ്ങിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ജേക്കബ് തോമസ്.
സര്‍ക്കാരിനെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കണോ എന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തിനിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പ്രബല വിഭാഗം ജേക്കബ് തോമസിനെ സപ്പോര്‍ട്ട് ചെയ്യണമെന്ന നിലപാടുകാരാണ്.
അഴിമതിയുടെ കറ പുരളാത്ത സംശുദ്ധമായ ഔദ്യോഗിക ജീവിതം ചൂണ്ടിക്കാട്ടിയാണ് ഈ വാദം.
ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമനത്തില്‍ ഡിജിപിമാരെ പരിഗണിക്കാത്തത് ഐപിഎസ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മില്‍ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ എത്തിയതിനാല്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചില അന്വേഷണ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷ.
മുന്‍കാലങ്ങളില്‍നിന്നും വിഭിന്നമായി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയും വേട്ടയാടുകയും ചെയ്ത നിലപാടുകള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതിനാല്‍ ഭരണമാറ്റമുണ്ടായാല്‍ അതിന് തിരിച്ചടി ലഭിക്കുമെന്നതിനാല്‍ ഒരു സംശയവും വേണ്ടെന്നാണ് മുതിര്‍ന്ന ഒരു സിപിഎം നേതാവിന്റെ പ്രതികരണം.
ഇപ്പോള്‍ സര്‍ക്കാര്‍ വേട്ടയാടുകയും തട്ടിക്കളിക്കുകയും അപമാനിക്കുകയും ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കിയാല്‍ തന്നെ ഇപ്പോള്‍ മന്ത്രിസഭയിലുള്ള പലരുടെയും കാര്യത്തില്‍ തീരുമാനമാകുമെന്നാണ് സിപിഎം നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.