തിരുവനന്തപുരം: ഓപ്പറേഷന്‍ അനന്തക്കെതിരെ കേരള കോണ്‍ഗ്രസ് രംഗത്ത്. ബാറുടമ ബിജു രമേശിന്റെ നിയമ വിരുദ്ധമായി പണിത കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസ് റവന്യൂ വകുപ്പ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. ഉടന്‍ നടപടിവേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ഒന്നരമാസമായി ഫയല്‍ റവന്യൂ വകുപ്പ് പിടിച്ച് വച്ചിരിക്കുന്നതിനാല്‍, ബിജു രമേശ് നേടിയെടുത്ത സ്റ്റേ ഉത്തരവിനെതിരെ സര്‍ക്കാരിന് അപ്പീല്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. കേസ് ഹൈക്കോടതിയില്‍ വന്നപ്പോള്‍, ഭൂമിയുടെ വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ട് അഡ്വക്കേറ്റ് ജനറലാണ് ഫയല്‍ റവന്യൂ വകുപ്പിനു നല്‍കിയത്.
ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായുള്ള പരിശോധനയില്‍, തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ ബിജു രമേശന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിങ്‌സ് നിയമ വിരുദ്ധമായി പണിഞ്ഞതാണെന്ന് ചീഫ് സെക്രട്ടറി തന്നെ കണ്ടെത്തിയതാണ്.
കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിക്കാനും തീരുമാനമായി. ദുരന്തനിവാരണ നിയമം അനുസരിച്ച് കെട്ടിടം പൊളിക്കാനായി നോട്ടിസ് നല്‍കി. ഇതോടെ ബിജു രമേശ് ഹൈക്കോടതിയില്‍ നിന്ന് കെട്ടിടം പൊളിക്കുന്നതിനെതിരെ താല്‍ക്കാലിക സ്റ്റേ വാങ്ങി. ഈ സ്റ്റേ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് എ.ജി റവന്യൂ വകുപ്പിനോട് ഭൂമിയെ കുറിച്ച് വിശദീകരണം ചോദിച്ചത്. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ല.