revenue department implement legal actions for regain government land

തിരുവനന്തപുരം: അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങി റവന്യു വകുപ്പ്.

സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുന്നതിനൊപ്പം സ്വകാര്യ ഭൂമി തട്ടിയെടുക്കുന്നതിന് കൂട്ടു നില്‍ക്കുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള നിയമ നിര്‍മ്മാണമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

200 ഓളം വരുന്ന വന്‍കിടക്കാരുടെ കയ്യില്‍ സര്‍ക്കാറിന് അവകാശപ്പെട്ട അഞ്ചു ലക്ഷം ഏക്കറോളം ഭൂമി ഉണ്ടെന്നും ഗുരുതരമായ നിയമക്കുരുക്കുകളില്‍ പെട്ട് കിടക്കുന്ന ഭൂമി തിരിച്ച് പിടിക്കാന്‍ പ്രത്യേക നിയമ നിര്‍മ്മാണം വേണമെന്നാണ് രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആന്റി ലാന്റ് ഗ്രാബിംഗ് ആക്റ്റ് എന്ന പേരില്‍ നിയമനിര്‍മ്മാണത്തിന്റെ സാധ്യതയാണ് റവന്യു വകുപ്പ് അന്വേഷിക്കുന്നത്.

അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കും വിധം കരട് തയ്യാറാക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ഭൂമി തട്ടിയെടുക്കുന്നതിന് കൂട്ടുനില്‍ക്കുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്കു കൂടി ബാധകമാകുന്ന തരത്തില്‍ നിയമ നിര്‍മ്മാണം വേണമെന്നാണ് റവന്യു വകുപ്പിന്റെ നിര്‍ദ്ദേശം.

എന്നാല്‍ തോട്ട ഭൂമി അനധികൃത കൈവശക്കാരില്‍ നിന്ന് പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശത്തിനെതിരെ സിപിഐയും സിപിഎം ഇടുക്കി പ്രാദേശിക ഘടകവും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലവിലുണ്ട്. മന്ത്രി എംഎം മണി അടക്കമുള്ള സിപിഎം നേതാക്കള്‍ ഇക്കാര്യത്തില്‍ നിലപാട് പരസ്യമാക്കിയിട്ടുമുണ്ട് .

അതേസമയം അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഇതിനായി പ്രത്യേക പൊലീസ് സേന വേണമെന്ന ആവശ്യത്തില്‍ ഇതുവരെ മുഖ്യമന്ത്രി നിലപാടെടുത്തിട്ടില്ല.

ഭൂ സംരക്ഷണ സേനയെന്ന പേരില്‍ പൊലീസ് സംഘം വേണമെന്നാവശ്യപ്പെട്ട റവന്യു വകുപ്പിന്റെ ഫയല്‍ കഴിഞ്ഞ രണ്ട് മാസമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തീരുമാനം കാത്തിരിക്കുകയാണ്.

Top