തിരുവനന്തപുരം: റിമോര്‍ട്ട് സെന്‍സിങ് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ കുന്നത്തുനാട് വിവാദ ഭൂമി നിലമാണെന്ന് വ്യക്തമായതോടെ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖന്‍ ഉത്തരവിട്ടു. നടപടിക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കുന്നത്തുനാട് ഭൂമിയുടെ 2008-ന് മുമ്പുള്ള അവസ്ഥ സംബന്ധിച്ച് റിമോര്‍ട്ട് സെന്‍സിങ് സെന്റര്‍ കഴിഞ്ഞ മാസമാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടറുടെ സ്റ്റോപ് മെമ്മോ റദ്ദാക്കിക്കൊണ്ടുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 31നാണ് എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജില്‍ 15 ഏക്കര്‍ നിലം നികത്താന്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് മറികടന്നുകൊണ്ട് സ്ഥലമുടമകള്‍ക്ക് അനുകൂലമായി റവന്യു അഡീഷണല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ ഫയലുകള്‍ വിളിച്ചു വരുത്തിയ റവന്യു മന്ത്രി വിശദമായ നിയമോപദേശം തേടിയ ശേഷം മന്ത്രി മരവിപ്പിക്കുകയുണ്ടായി. റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിയും റദ്ദാക്കുകയുണ്ടായി.
റിമോര്‍ട്ട് സെന്‍സിങ് സെന്റര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
2005ല്‍ സിന്തറ്റിക് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് കുന്നത്തുനാട് വില്ലേജിലെ 14 ഏക്കര്‍ ഭൂമി ഭരണതലത്തില്‍ സ്വാധീനം ഉപയോഗിച്ച് സ്വകാര്യ കമ്പനി നിലം നികത്തിയെന്നായിരുന്നു ആരോപണം.