പേമാരിയില്‍ എട്ട് കോടി രൂപയുടെ നാശനഷ്ടം ; നഷ്ടപരിഹാരത്തുക ഉടനെന്ന് റവന്യൂമന്ത്രി

chandrasekharan

തിരുവനന്തപുരം : കനത്ത മഴയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ എട്ട് കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ നഷ്ടപരിഹാരത്തുക ഉടന്‍ അനുവദിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. പേമാരിയില്‍ ഇതുവരെ 11 പേര്‍ മരിച്ചുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് റവന്യൂ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ദിവങ്ങളായി കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നിലവിലെ സാഹചര്യം മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.

മഴ നാശം വിതച്ച ജില്ലകളില്‍ പത്തനംതിട്ട മാത്രമാണ് സാമ്പത്തിക സഹായം ആവശ്യമാണെന്ന് അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഇവിടേയ്ക്ക് ആവശ്യമുള്ള പണം സര്‍ക്കാര്‍ അനുവദിക്കും. അതേസമയം മെയ് 29 മുതലുള്ള കണക്ക് പ്രകാരം 108 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തുണ്ടായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. വിവിധ അപകടങ്ങളിലായി 86 പേര്‍ മരണപ്പെട്ടു. 289 വീടുകള്‍ പൂര്‍ണമായും 7000 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 48 ദുരിതാശ്വാസ ക്യാമ്പുകളിലായി 2846 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും പകര്‍ച്ചവ്യാധിയുടെ ലക്ഷണം കണ്ടാല്‍ മാറ്റിപ്പാര്‍പ്പിക്കണമെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി.

Top