എറണാകുളം: പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കി മി ചുറ്റളവില്‍ ഉള്ളവര്‍ക്ക് സൗജന്യ യാത്രയെന്ന് റവന്യു മന്ത്രി. ഒന്നില്‍കൂടുതല്‍ വാഹനം ഓടുന്നുണ്ടെന്ന പേരില്‍ പാസ് നിഷേധിക്കരുതെന്ന് റവന്യു മന്ത്രി കെ രാജന്‍ നിര്‍ദേശം നല്‍കി. റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
അതേസമയം ഒരാളുടെ പേരിലുളള ഒന്നിലേറെ വാഹനങ്ങള്‍ക്ക് യാത്രാസൗജന്യം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി കമ്പനി ഇത് നല്‍കുന്നില്ല. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതുമില്ല. കൊടുങ്ങല്ലൂര്‍ പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ 431 വാഹനങ്ങളുടെ അപേക്ഷകള്‍ തടഞ്ഞുവെച്ചിരിക്കുന്നതിനാലാണ് ഇതെന്നാണ് ടോള്‍ കമ്പനിയുടെ വിശദീകരണം.
എഞ്ചിനീയറുടെ അനുമതിയില്ലാതെ സൗജന്യ പാസ് അനുവദിക്കാനാകില്ല. ഇതിനെതിരെ പുതുക്കാട് എംഎല്‍എ കെ കെ രാമച്ചന്ദ്രന്റെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നീക്കുമെന്ന് കളക്ടറുമായുളള ചര്‍ച്ചയില്‍ തീരുമാനിച്ചെങ്കിലും ജില്ലാ ഭരണകൂടത്തില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെന്നാണ് ടോള്‍ അധികൃതര്‍ പറയുന്നത്.