തിരുവനന്തപുരം: എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യത്തെ സ്ഥലം മാറ്റാന്‍ വകുപ്പ് മന്ത്രിയെടുത്ത തീരുമാനം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞു. എറണാകുളമടക്കം ചില ജില്ലകളിലെ കളക്ടര്‍മാരെ മാറ്റാനായിരുന്നു നീക്കം.
സി.പി.ഐയുടെയും സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെയും താല്‍പര്യപ്രകാരമാണ് കളക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിയുടെ ഓഫീസ് ശ്രമിച്ചത്. എറണാകുളം കളക്ടര്‍ രാജമാണിക്യം ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരെ പീഢിപ്പിക്കുന്നുവെന്ന പാര്‍ട്ടിതലത്തിലുയര്‍ന്ന പരാതിയില്‍ രാജമാണിക്യത്തെ മാറ്റാന്‍ പോലും മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് റവന്യൂ മന്ത്രിക്കു കഴിഞ്ഞിട്ടില്ല.
വകുപ്പുകള്‍ ഘടകകക്ഷി മന്ത്രിമാര്‍ സ്വന്തം സാമ്രാജ്യമായി കണ്ടിരുന്ന പതിവു ഇടതുഭരണത്തിന് മാറ്റം വരുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് സൂചന.
സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി നടത്തുന്ന ഇടപെടലിനെതിരെ ശക്തമായ നിലപാടെടുക്കാനാണ് സി.പി.ഐ തീരുമാനം. ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും.
എന്നാല്‍ ഭരണത്തലവന്‍ എന്ന നിലക്ക് സഹമന്ത്രിമാരുടെ വകുപ്പുകളിലെ പ്രധാനകാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഇടപെടാമെന്ന നിലപാടാണ് സി.പി.എമ്മിനും പിണറായിക്കുമുള്ളത്. ഓരോ മന്ത്രിയുടെ വകുപ്പുകളിലെയും പ്രധാന സ്ഥലം മാറ്റങ്ങള്‍പോലും മുഖ്യമന്ത്രിയുടെ അനുമതിയോടെ മതിയെന്നതാണ് നിര്‍ദ്ദേശം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ റവന്യൂവകുപ്പിലെ ഡപ്യൂട്ടി കളക്ടര്‍, എഡിഎം,ആര്‍ഡിഒ തുടങ്ങിയ ഉന്നതതല സ്ഥലം മാറ്റങ്ങള്‍ സിപിഐ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് വകുപ്പ് മന്ത്രിയുടെ ഓഫീസ് നടത്തിയിരുന്നത്.
എന്നാല്‍ കേന്ദ്ര സര്‍വ്വീസിലെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥന്മാരുടെ നിയമനത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്കാണ് അധികാരമെന്നതാണ് കളക്ടര്‍ നിയമനത്തില്‍ മുഖ്യമന്ത്രി പിടിമുറുക്കാന്‍ കാരണമത്രെ.
തങ്ങളുടെ വകുപ്പിലെ മന്ത്രിമാരുടെ കീഴില്‍ ഏതൊക്കെ ഉദ്യോഗസ്ഥര്‍ എവിടെയൊക്കെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും അക്കാര്യത്തില്‍ ആരുടെ ഇടപെടലിനും വഴങ്ങില്ലെന്നുമാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്.