റവന്യൂ സ്ഥലം മാറ്റങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഈ മാസം 20നകം പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണറോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അസോസ്സിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് (അസെറ്റ് ) സംസ്ഥാന ജനറല്‍ കണ്‍വീനറും, റവന്യൂ ഐക്യവേദി സംസ്ഥാന ചെയര്‍മാനുമായ കെ.ബിലാല്‍ ബാബു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയില്‍, രണ്ട് മാസത്തിനകം ഓണ്‍ലൈന്‍ സ്ഥലംമാറ്റങ്ങള്‍ നടപ്പാക്കാന്‍ 2020 ജൂലൈയില്‍ നിര്‍ദേശിച്ചിരുന്നു.

കോവിഡ് കാരണം അത് നീണ്ടുപോയെങ്കിലും 2021 ജനുവരിയില്‍ പരാതിക്കാരനെയും ലാന്റ് റവന്യൂ കമീഷണറേയും റവന്യൂ വകുപ്പ് ജോയന്റ് സെക്രട്ടറി നേര്‍ വിചാരണ നടത്തിയാണ് ഉത്തരവായത്. റവന്യൂ വകുപ്പിലെ ജീവനക്കാരുടെ വിവര ശേഖരണം തയ്യാറായി വരുന്നുണ്ടെന്ന ലാന്റ് റവന്യൂ കമ്മീഷണറുടെ ഉറപ്പ് പരിഗണിച്ച സര്‍ക്കാര്‍ ഫെബ്രുവരി 20 നകം നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.

സംസ്ഥാന ഭരണരംഗത്ത് സുപ്രധാന പങ്ക് വഹിക്കുന്ന റവന്യൂ വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ ഇതോടെ ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഹര്‍ജിക്കാരനായ കെ.ബിലാല്‍ ബാബു പറഞ്ഞു. അതേസമയം, റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കലക്ടര്‍മാരുടെ സ്ഥലം മാറ്റം ഓണ്‍ലൈനാക്കാനുള്ള നിര്‍ദേശം സര്‍ക്കാറിന്റെ നയപരമായ തീരുമാനം വരുന്നത് വരെ മാറ്റി വെച്ചതുമായി ബന്ധപ്പെട്ടുള്ള നിയമനടപടി തുടരും.

2017 ഫെബ്രുവരിയിലാണ് ജീവനക്കാരുടെ സ്ഥലം മാറ്റവും നിയമനവും പൂര്‍ണ്ണമായി ഓണ്‍ലൈനാക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായത്. എന്നാല്‍, ഇത് നടപ്പാക്കിയില്ല. ഇതിനെ തുടര്‍ന്നാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തത്. സൗകര്യപ്രദമായ സ്ഥലം മാറ്റവും നിയമനവും ലഭിക്കുന്നതിന് ഭരണ സംഘടനകളിലെ അംഗത്വം നിര്‍ബന്ധമാക്കും വിധമുള്ള അവസ്ഥക്കാണ് റവന്യൂ വകുപ്പില്‍ മാറ്റമുണ്ടാകുന്നത്. എന്നാല്‍ 2017ലെ സര്‍ക്കാര്‍ ഉത്തരവിലെ മുഴുവന്‍ മാര്‍ഗ നിര്‍ദേശങ്ങളും റവന്യൂ വകുപ്പില്‍ നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിയമ നടപടികള്‍ തുടരുമെന്നും കെ ബിലാല്‍ ബാബു പറഞ്ഞു.

Top