revenue secretary’s comment on karuna estate

തിരുവനന്തപുരം: കരുണ എസ്റ്റേറ്റ് ഭൂമിക്ക് കരം സ്വീകരിക്കാനുള്ള ഉത്തരവ് വിവാദമായിരിക്കെ കരുണയില്‍ സര്‍ക്കാര്‍ഭൂമി ഇല്ലെന്ന വാദവുമായി റവന്യൂ സെക്രട്ടറി വീണ്ടും രംഗത്ത്. അഡ്വക്കേറ്റ് ജനറലിന് അയച്ച കത്തിലാണ് കരുണയില്‍ വനഭൂമിയോ സര്‍ക്കാര്‍ഭൂമിയോ ഇല്ലെന്ന വാദം റവന്യൂസെക്രട്ടറി ആവര്‍ത്തിച്ചത്. ഉത്തരവ് റദ്ദാക്കേണ്ട സാഹചര്യം ഇല്ലെന്നാണ് റവന്യൂ സെക്രട്ടറിയുടെ നിലപാട്.

കരുണ എസ്റ്റേറ്റ് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ മാര്‍ച്ച് 15 ന് നിയമോപദേശം തേടി റവന്യൂവകുപ്പ് അഡീഷണല്‍ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത അഡ്വക്കറ്റ് ജനറലിന് കത്ത് അയച്ചിരുന്നു. കരുണ എസ്റ്റേറ്റ് സ്വകാര്യഭൂമി ആണെന്ന് റവന്യൂസെക്രട്ടറി നിലപാട് എടുത്തിരിക്കുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍സര്‍ക്കാറിനോ വനംവകുപ്പിനോ അവകാശവാദം ഉന്നയിക്കാന്‍കഴിയില്ല എന്നാണ് റവന്യൂസെക്രട്ടറിയുടെ പക്ഷം. അതുകൊണ്ടു തന്നെ പോബ്‌സണ്‍ ഗ്രൂപ്പില്‍നിന്നും കരം സ്വീകരിക്കാതിരിക്കാന്‍കഴിയില്ലെന്നും വിശ്വാസ് മേത്ത ഉറപ്പിച്ച് പറയുന്നു.

അതേസമയം, മുഖ്യമന്ത്രിയും റവന്യുമന്ത്രിയും വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍പങ്കെടുത്ത റവന്യു വകുപ്പിന്റെ കേസുകള്‍കൈകാര്യം ചെയ്യുന്ന സീനിയര്‍ ഗവര്‍ണ്‍മെന്റ് പ്ലീഡര്‍ സുശീല ഭട്ട് ഈ ഉത്തരവിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ കരം സ്വീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കാനാകില്ലെന്നാണ് റവന്യൂ സെക്രട്ടറി കടുംപിടുത്തം കാട്ടുന്നത്. അതായത് പോബ്‌സണ് കരം അടക്കാന്‍ ഏതു വിധേനയും അനുമതി നല്‍കണമെന്ന് റവന്യൂ സെക്രട്ടറി നിലപാട് എടുക്കുന്നു. മാത്രവുമല്ല ഇക്കാര്യത്തില്‍ എന്ത് പുതിയ രേഖകളാണ് ലഭിച്ചത് എന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കുന്നുമില്ല.

ഇതേ റവന്യൂ വകുപ്പിലെ രേഖകള്‍ അനുസരിച്ച് ഹൈക്കോടതിയില്‍സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ ഭൂമി സര്‍ക്കാറില്‍നിക്ഷിപ്തമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് ഇത് സ്വകാര്യഭൂമി എന്ന് പറയുന്ന റവന്യൂസെക്രട്ടറിയുടെ നിലപാട് കൂടുതല്‍സംശയങ്ങള്‍ക്ക് വഴിവെക്കുന്നു.

Top