കോഴിക്കോട്: വിജയദശമി നാളില്‍ നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ തിരുമധുരം നുണഞ്ഞു. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍ കുരുന്നുകളില്‍ ആദ്യാക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വന്‍ തിരക്കായിരുന്നു. ക്ഷേത്രങ്ങള്‍ക്ക് പുറമെ പ്രധാന ഗ്രന്ഥശാലകള്‍, സന്നദ്ധസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ആദ്യാക്ഷരം കുറിക്കാനായി രാവിലെ മുതല്‍ നിരവധിയാളുകള്‍ എത്തിച്ചേര്‍ന്നു.
കൊല്ലൂര്‍ മുകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം, ദക്ഷിണ മൂകാംബികയായ കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ് എന്നിവിടങ്ങളിലെല്ലാം ആയിരക്കണക്കിന് രക്ഷാകര്‍ത്താക്കളാണ് കുട്ടികളുമായി എഴുത്തിനിരുത്തല്‍ ചടങ്ങിന് എത്തിയത്. സാഹിത്യ സാംസ്‌ക്കാരിക കലാരംഗത്തെ പ്രമുഖരും, പാരമ്പര്യ എഴുത്താശാന്മാരുമാണ് കുട്ടികളെ എഴുത്തിനിരുത്തിയത്.
മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്ന പനച്ചിക്കാട് ക്ഷേത്രത്തില്‍ രാവിലെ നാല് മണിക്ക് തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മഹാനവമി, ദുര്‍ഗാഷ്ടമി നാളുകളില്‍ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും പനിച്ചിക്കാട് എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കാറുണ്ടെങ്കിലും വിജയദശമി ദിനത്തിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടാറുള്ളത്.
ക്ഷേത്രങ്ങള്‍ക്ക് പുറമെ ജാതിമത ഭേദമന്യേ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്ന തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാവിലെ അഞ്ച് മണിയോടെ തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. പാരമ്പര്യ എഴുത്താശാന്‍മാര്‍ക്ക് പുറമെ സാഹിത്യകാരന്‍മാര്‍ നേതൃത്വം നല്‍കുന്ന വിദ്യാരംഭവും തുഞ്ചന്‍പറമ്പില്‍ നടക്കുന്നുണ്ട്.