തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് ഗത്യന്തരമില്ലാത്തത് കൊണ്ടാണ് സര്‍ക്കാർ പിന്മാറിയതെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ്. നിയമസഭയിൽ മുഖ്യമന്ത്രി തീരുമാനം പിന്‍വലിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി കെപിഎ മജീദ് രംഗത്തെത്തിയത്.
വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തെ ലീഗ്, കോണ്‍ഗ്രസ് അംഗങ്ങള്‍ പലവട്ടം സഭയില്‍ എതിര്‍ത്തിരുന്നെന്നും മജീദ് പറഞ്ഞു. മുസ്ലീം സംഘടനകളെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കിയെന്നും മജീദ് കുറ്റപ്പെടുത്തി.
മുസ്ലിം സംഘടനകളുടെ എതിര്‍പ്പിന് മുന്നില്‍ കീഴടങ്ങി വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. പി കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. ലീഗിനെ പൂര്‍ണമായി തള്ളിയും മുസ്ലിം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.