ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടയില്‍ ലോവര്‍ ബര്‍ത്ത് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരില്‍നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ റെയില്‍വേ ബോര്‍ഡ് റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശം. നിര്‍ദേശം അംഗീകരിച്ചാല്‍ ഉത്സവ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരും.
ഹോട്ടലുകളും വിമാന കമ്പനികളും ടിക്കറ്റുകള്‍ക്ക് കൂടുതല്‍ വില്‍പ്പന നടക്കുന്ന സമയങ്ങളില്‍ യാത്രക്കാരില്‍നിന്ന് കൂടുതല്‍ പണം ഈടാക്കാറുണ്ട്. ഇതേ മാതൃകയില്‍ പണം ഈടാക്കാനാണ് റിവ്യൂ കമ്മിറ്റിയുടെ തീരുമാനം. പ്രീമിയം ട്രെയിനുകളിലെ നിരക്ക് പുനക്രമീകരിക്കുന്നതിനും പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിനുമാണ് റിവ്യൂ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് ഇഷ്ടമുള്ള സീറ്റ് സ്വന്തമാക്കാനും ട്രെയിനുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനും കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്സവ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും മറ്റു സീസണുകളില്‍ നിരക്ക് കുറയ്ക്കണമെന്നും കമ്മിറ്റി അറിയിച്ചു.