ജനകീയ ‘കോടതിയിൽ’ ദിലീപിന് വിജയം ! രാമലീല സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നു . .

ദിലീപിന്റെ രാമലീലയെ തകര്‍ക്കാന്‍ ചാനല്‍ ചര്‍ച്ചകള്‍ നടത്തി പ്രചരണങ്ങള്‍ അഴിച്ചു വിട്ടവര്‍ക്ക് വന്‍ തിരിച്ചടി.

ഇന്ന് (വ്യാഴാഴ്ച) റിലീസായ സിനിമക്ക് വലിയ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം നിറഞ്ഞ സദസ്സിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

സ്ത്രീകള്‍ കുടുംബത്തോടൊപ്പം തിയറ്ററുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ആദ്യ ഷോക്ക് തന്നെ കണ്ടത്.

അച്ഛനായ കമ്യൂണിസ്റ്റുകാരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്ന കമ്യൂണിസ്റ്റുകാരനായ മകന്റെ കഥയാണ് രാമലീല.

പാര്‍ട്ടി നേതാവിന്റെ തെറ്റായ നിലപാടിനെ ചോദ്യം ചെയ്തതിന് പുറത്തു പോകേണ്ടി വന്ന സഖാവ് കൃഷ്ണനുണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

പ്രതിപക്ഷത്ത് രാഷ്ട്രീയ ‘അഭയം’ തേടിയപ്പോഴും മനസ്സില്‍ ചുവപ്പിനെ പ്രണയിച്ച രാഷ്ട്രീയ നേതാവ് പ്രേക്ഷക മനസ്സില്‍ നിറഞ്ഞ് നില്‍ക്കും

കമ്യൂണിസ്റ്റുകാരിയായ അമ്മക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോഴും ചില ലക്ഷ്യങ്ങള്‍ രാമനുണ്ണിക്കുണ്ടായിരുന്നു.

അതില്‍ ഒന്ന് മകന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് മുഖത്തടിച്ച അമ്മയെ കൊണ്ട് ലാല്‍ സലാം പറയിക്കുക എന്നതായിരുന്നു.

അച്ഛനെ കൊന്നവനോടുള്ള പക വീട്ടി അമ്മയുടെ ‘ലാല്‍സലാം’ കൃഷ്ണനുണ്ണി ഏറ്റുവാങ്ങുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

ഇന്നത്തെ രാഷ്ട്രീയത്തിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ തന്നെ കമ്യൂണിസ്റ്റ് ആശയത്തെ സിനിമ തള്ളി പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ദിലീപിന്റെ അമ്മയുടെ റോളില്‍ അഭിനയിക്കുന്ന രാധിക, വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്ന വിജയരാഘവന്‍, സിദ്ധിഖ് എന്നിവരുടെ അഭിനയവും മികവുറ്റതാണ്.

ദിലീപിനൊപ്പം സഹപ്രവര്‍ത്തകനായി അഭിനയിച്ച കലാഭവന്‍ ഷാജോണ്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്.

രാമലീലയുടെ ശക്തമായ തിരക്കഥ, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം എന്നിവ എടുത്ത് പറയേണ്ടതാണ്.

ആദ്യാവസാനം വരെ ബോറടിക്കാതെ കണ്ടിരിക്കാം എന്നത് തന്നെയാണ് രാമലീലക്ക് ഗുണകരമായി മാറുന്നത്.

ജീവിതത്തില്‍ ദിലീപ് നേരിടേണ്ടി വന്നതിനു സമാനമായ അറസ്റ്റും സംഭവ വികാസങ്ങളും രാമലീലയിലും നായകന്‍ നേരിടുന്നുണ്ട്.

‘കൊല നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ സ്വയം തീരുമാനിച്ചു പൊലീസ് ‘ എന്ന ഡയലോഗിന് വലിയ കയ്യടിയാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

കുറ്റവാളി കൃത്യം നിര്‍വ്വഹിച്ചത് കൃത്യമായി അറിയാന്‍ ‘മലയാളരമ’യിലേക്ക് വിളിച്ചാല്‍ മതിയെന്ന മാസ് ഡയലോഗോടെ മാധ്യമ പ്രവര്‍ത്തകരെയും ‘വാരിയിട്ടുണ്ട് ‘സിനിമയില്‍.

നടി ആക്രമിക്കപ്പെട്ട് 78 ദിവസമായി ജയിലില്‍ കഴിയുന്ന ദിലീപിനെ സംബന്ധിച്ച് വലിയ ഒരാശ്വാസമാകും രാമലീലയുടെ വിജയം.

സിനിമക്കെതിരെ ദിലീപിന്റെ ജയില്‍വാസം മുന്‍നിര്‍ത്തി വലിയ പ്രചരണം നടത്തിയിട്ടും അതൊന്നും ജനപ്രിയ താരത്തിന്റെ ജനപ്രീതി കുറച്ചിട്ടില്ലന്ന് തെളിയിക്കുന്ന കാഴ്ചയാണ് രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് മുന്നില്‍ ഇപ്പോള്‍ കാണുന്നത്.

വിമര്‍ശകര്‍ക്ക് ബോധ്യപ്പെട്ടില്ലങ്കില്‍ ഇനി തിയറ്ററുകള്‍ക്ക് മുന്നില്‍ പോയി നോക്കാം. അതല്ലങ്കില്‍ സിനിമ കണ്ട് വിലയിരുത്തുക.

ഇനി ദിലീപിനോടുള്ള സ്‌നേഹമല്ല സിനിമയുടെ വിജയത്തിന് കാരണമെന്ന് കണ്ടെത്തുവാന്‍ പോകുന്ന ‘ചാനല്‍ബുദ്ധിജീവികള്‍’ പിന്നെ ആരുടെ മുഖം കാണാനാണ് പ്രേക്ഷകര്‍ പോകുന്നത് എന്നതിന് കൂടി മറുപടി പറയേണ്ടി വരും.

മാധ്യമങ്ങളല്ല ജനങ്ങളുടെ ചിന്താശക്തിയെ നിയന്ത്രിക്കുന്നത് എന്നതിന്റെ നേര്‍കാഴ്ചയാണ് രാമലീല.

Top