സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. സംസ്ഥാനത്തെ ഞായറാഴ്ചയുള്ള സമ്പൂര്‍ണ്ണ ലോക്ഡൗണിലടക്കം തീരുമാനം ഇന്നത്തെ അവലോകന യോഗത്തിലുണ്ടായേക്കും. ഞായറാഴ്ചത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണടക്കം പിന്‍വലിക്കാനുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലുണ്ടായേക്കും.

സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിനൊപ്പം രാത്രി കാല കര്‍ഫ്യുവും പിന്‍വലിക്കുന്നില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉച്ചക്ക് മൂന്നരക്കാണ് കൊവിഡ് അവലോകന യോഗം ചേരുക. ഞായറാഴ്ച ലോക് ഡൗണും രാത്രികര്‍ഫ്യുവും പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ രാജ്യത്തെ പല വിദഗ്ധരും നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സര്‍ക്കാര്‍ ഇളവുകളില്‍ തീരുമാനമെടുക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ പെട്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിദഗ്ധസമിതിയെ വെച്ച് പരിശോധനക്ക് ശേഷം മാത്രം സ്‌കൂള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ ആലോചന.

Top