റിലീസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മാത്രം റിവ്യു; വ്ലോഗര്‍മാരെ നിയന്ത്രിക്കാൻ പുതിയ നിർദേശങ്ങൾ

സിനിമ റിവ്യു ചെയ്യുന്ന വ്ലോഗർമാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്നു. സിനിമ പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം മാത്രമേ വ്ലോഗര്‍മാർ റിവ്യു ചെയ്യാവൂ എന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നത്. സിനിമയുടെ കഥ മുഴുവൻ പറയുന്ന തരത്തിലുള്ള റിവ്യു ഒഴിവാക്കുക, റിവ്യു ചെയ്യുന്നതിനിടയിൽ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാതിരിക്കുക എന്നിങ്ങനെ പത്ത് നിർദേശങ്ങളാണ് അമിക്കസ് ക്യൂറിയായ അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പുറപ്പെടുവിക്കണമെന്നാണ് അമിക്കസ് ക്യൂറി പറയുന്നത്. ചില സിനിമകളെ മനപൂര്‍വം നെഗറ്റീവ് റിവ്യു നല്‍കി തകര്‍ക്കുന്നു, വ്യക്തിഹത്യ ചെയ്യുന്നു തുടങ്ങിയ ആരോപണമുയര്‍ത്തി ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകന്‍ മുബീന്‍ റഹ്‌മാന്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് വിഷയത്തെ കുറിച്ച് പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സിനിമാ നിരൂപണം നടത്തുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയാറാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്‍കുകയും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പരാതിയുടെ അടിസ്ഥാനത്തില്‍ റിവ്യു ബോംബിങ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കൂടാതെ, റിവ്യൂ ബോംബിങ്ങിനെതിരെ വിവരം നല്‍കാന്‍ പ്രത്യേക വെബ്‌പോര്‍ട്ടല്‍ എന്ന നിര്‍ദേശത്തില്‍ സാധ്യതകളും ഹൈക്കോടതി പരിശോധിച്ചു.

Top