ശബരിമല യുവതീപ്രവേശനം: വിധികാത്ത് വിശ്വാസികള്‍, ഇനി മണിക്കൂറുകള്‍ മാത്രം

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശന റിവ്യൂ ഹര്‍ജികളിലുള്ള വിധി ഇന്ന് സുപ്രീം കോടതി പ്രസ്താവിക്കും. നേരത്തെ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിക്കൂടാ എന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതിനെതിരെയാണ് റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഇന്ന് രാവിലെ 10.30 നു വിധി പ്രസ്താവിക്കും.

ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജഡ്ജിമാരായ ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂ ഹര്‍ജികള്‍ കേട്ടത്.

അതേസമയം, വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അക്രമങ്ങളോ വ്യാജ പ്രചാരണങ്ങളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ശബരിമല വിധിയെ സംബന്ധിച്ച് സമൂഹ മാദ്ധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷ പ്രചരണങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.

സുപ്രീം കോടതി വിധി എന്ത് തന്നെ ആയാലും അംഗീകരിക്കുമെന്നും എല്ലാവരും വിധിയെ സംയമനത്തോടെ സ്വീകരിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആവശ്യപ്പെട്ടു. പുനപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായി മിസോറം മുന്‍ ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരനും പ്രതികരിച്ചിരുന്നു.

റഫാല്‍ കേസ്, രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് എന്നിവയിലും ഇന്ന് വിധി പ്രസ്താവിക്കും.

Top