അഫ്‌സ്പ ഭേദഗതി ചെയ്യുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം സൈനികരെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യം: മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ടിനെക്കുറിച്ചുള്ള വാഗ്ദാനം സൈനികരെ കൊലമരത്തിലേക്കയക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ടി(അഎടജഅ)ല്‍ ഭേദഗതി വരുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്.

ഭരണകൂടത്തിന് സൈന്യത്തെ സംരക്ഷിക്കാനുള്ള അധികാരമുണ്ടെങ്കില്‍ മാത്രമേ രാജ്യത്തിന് വേണ്ടി പൊരുതാന്‍ സൈനികര്‍ക്ക് സാധ്യമാവൂ. ജമ്മു കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം അനിവാര്യമാണ്, നീക്കം ചെയ്യുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്നും മോദി പറഞ്ഞു. താനൊരിക്കലും നിയമഭേദഗതി നടപ്പില്‍ വരുത്താന്‍ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.നിയമം ആവശ്യമില്ലാത്ത സാഹചര്യം സൃഷ്ടിച്ചതിന് ശേഷം മാത്രമേ ഭേദഗതിയ്ക്ക് തന്റെ സര്‍ക്കാര്‍ ഒരുങ്ങുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീര്‍ പോലെയുള്ള സംസ്ഥാനത്ത് സൈനിക നിയമത്തിന്റെ ആവശ്യകതയെ കുറിച്ച് മോദി ഊന്നിപ്പറഞ്ഞു . അരുണാചല്‍ പ്രദേശിലും മറ്റ് ചില സംസ്ഥാനങ്ങളിലും ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് എന്‍ഡിഎ സര്‍ക്കാരാണെന്ന് മോദി ഓര്‍മിപ്പിച്ചു. പക്ഷെ മാറ്റം വരുത്തുന്നതിന് മുമ്പ് ആ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top