അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ റിവോള്‍ട്ട്

ഈ മാസം അഞ്ച് പുതിയ ഇന്ത്യൻ നഗരങ്ങളിലേക്കു കൂടി പ്രവർത്തനം വിപുലീകരിക്കാൻ ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോൾട്ട് (Revolt) തയ്യാറെടുക്കുന്നു. കൊൽക്കത്ത, കോയമ്പത്തൂർ, മധുര, വിശാഖപട്ടണം, വിജയവാഡ എന്നിവയുൾപ്പെടെ അഞ്ച് പുതിയ ഇന്ത്യൻ നഗരങ്ങളിൽ തങ്ങളുടെ പ്രവര്‍ത്തന ശ്രേണി വിപുലീകരിക്കാൻ തയ്യാറാണെന്ന് രത്തന്‍ ഇന്ത്യയുടെ കീഴിലുള്ള ഇവി നിർമ്മാതാക്കളായ റിവോൾട്ട് പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിൽ ദില്ലി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിവോൾട്ട് പ്രവർത്തിക്കുന്നത്.  2019 ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്‍റലികോര്‍പ്പ് RV300, RV400 എന്നീ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന രത്തൻ ഇന്ത്യ ഇൻഫ്ര കഴിഞ്ഞ ഏപ്രിലിലാണ് 150 കോടി രൂപ മുടക്കി റിവോൾട്ട് മോട്ടോഴ്‍സിൽ 43% ഓഹരി പങ്കാളിത്തം സ്വന്തമാക്കിയത്.

മുമ്പ്, ഒക്ടോബറിൽ 3 പുതിയ ഇന്ത്യൻ നഗരങ്ങളിൽ പുതിയ ഡീലർഷിപ്പുകൾ തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. വർദ്ധിച്ചുവരുന്ന പെട്രോൾ വിലയുടെ അനന്തരഫലമായി ഇവികളുടെ ഡിമാൻഡ് വർധിക്കുന്നതായി റിവോൾട്ട് പറഞ്ഞു.

Top