ക്യാന്‍സര്‍ ഗവേഷണത്തില്‍ വിപ്ലവം ; രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താം, മുളയിലേ നുള്ളാം

blood-test-cancer

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ ഗവേഷണത്തില്‍ വന്‍ വഴിത്തിരിവ്. രക്തപരിശോധനയിലൂടെ 8 തരം ക്യാന്‍സര്‍ കണ്ടെത്താനാകുമെന്ന് പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് മാനവരാശിക്ക് പ്രതീക്ഷയേകുന്ന പുതിയ കണ്ടുപിടുത്തം.

ഗര്‍ഭപാത്രം, കരള്‍, പാന്‍ക്രിയാസ്, അന്നനാളം, കുടല്‍, ശ്വാസകോശം, സ്തനം എന്നിവിടങ്ങളിലുണ്ടാകുന്ന ക്യാന്‍സറാണ് രക്തപരിശോധനയിലൂടെ കണ്ടെത്താനാകുന്നത്. രക്തത്തില്‍ ഒഴുകി നടക്കുന്ന, രൂപമാറ്റം സംഭവിച്ച ഡിഎന്‍എ കണ്ടെത്താമെന്നതാണ് പുതിയ പരിശോധനയുടെ നേട്ടം. ഇതോടൊപ്പം കാന്‍സറുമായി ബന്ധമുള്ള പ്രോട്ടീനുകളും തിരിച്ചറിയാം.

പരീക്ഷണഘട്ടത്തില്‍ ഇങ്ങനെ തിരിച്ചറിഞ്ഞ 16 ജീനുകള്‍ കാന്‍സറായി മാറിയത് കണ്ടെത്തി. പരീക്ഷണത്തിനു സന്നദ്ധരായെത്തിയ കാന്‍സറില്ലാത്ത 800 പേരില്‍ നടത്തിയ പരിശോധനയും വിജയമായിരുന്നു. 70 ശതമാനം കൃത്യതയാണു ഗവേഷകര്‍ അവകാശപ്പെടുന്നത്.
രക്തപരിശോധനയിലൂടെ മാത്രം കാന്‍സര്‍ കണ്ടെത്താനാകുമെന്നതു ചികില്‍സാമേഖലയില്‍ വന്‍ മാറ്റമുണ്ടാക്കുമെന്നു ഗവേഷണ സംഘത്തിലുണ്ടായിരുന്ന വാള്‍ട്ടര്‍ ആന്‍ഡ് എലിസ ഹാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസര്‍ പീറ്റര്‍ ഗിബ്‌സ് പറഞ്ഞു.

മനുഷ്യരാശിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ക്യാന്‍സര്‍ എന്ന മഹാമാരിയെ മുളയിലേ നുള്ളാനുള്ള വിപ്ലവകരമായ ഈ കണ്ടെത്തല്‍ ചികിത്സാരംഗത്ത് പുതിയ മുന്നേറ്റമുണ്ടാക്കുമെന്നതില്‍ സംശയമില്ല.

Top