കാമുകനെ സ്വന്തമാക്കാന്‍ തോക്കെടുത്തു . . ഒടുവില്‍ പ്രണയ സാഫല്യം !

ലഖ്‌നൗ: കാമുകനെ സ്വന്തമാക്കാന്‍ തോക്കെടുത്തു ഒടുവില്‍ പ്രണയ സാഫല്യം. പ്രണയിച്ച് വഞ്ചിച്ച ശേഷം മറ്റൊരാളെ കല്യാണം കഴിക്കാന്‍ ഒരുങ്ങിയ കാമുകനെ സ്വന്തമാക്കാന്‍ തോക്കെടുത്ത റിവോള്‍വര്‍ റാണി വര്‍ഷ സാഹുവിന് ഒടുവില്‍ മാംഗല്യം.

വിവാഹപ്പന്തലില്‍ നിന്ന് തോക്ക് ചൂണ്ടി വര്‍ഷ കടത്തിക്കൊണ്ടുപോയ അശോക് യാദവ് ഹമിര്‍പുറിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഞായറാഴ്ച വര്‍ഷയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

എട്ട് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ വക്കോളമെത്തിയശേഷം ബന്ധത്തില്‍ നിന്ന് അശോക് പിന്‍മാറുകയും മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഇയാളെ കണ്ടെത്താന്‍ പല രീതിയില്‍ വര്‍ഷ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ അശോക് മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വിവരം മനസിലാക്കിയ വര്‍ഷ വിവാഹപ്പന്തലില്‍ നിന്ന് അശോകിനെ കടത്തിക്കൊണ്ട് പോകുകയായിരുന്നു.

മെയ് 15ന് യു.പിയിലെ ബുന്ധേല്‍ഗണ്ഡിലെ അശോക് യാദവിന്റെ വിവാഹത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. കാമുകനെ സ്വന്തമാക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെവന്നപ്പോഴാണ് വര്‍ഷ തോക്കെടുത്തത്.

കല്ല്യാണത്തിന് മേളം മുഴങ്ങിത്തുടങ്ങിയപ്പോഴായിരുന്നു വര്‍ഷയുടെ രംഗപ്രവേശനം. തോക്കെടുത്ത് നേരെ കാമുകന്റെ നെറ്റിയില്‍ ചൂണ്ടി കല്ല്യാണത്തിനെത്തിയവരോടായി ഉറക്കെ പ്രഖ്യാപനം.

കുറച്ച് നാള്‍ മുമ്പുവരെ ഇയാളും ഞാനും പ്രണയത്തിലായിരുന്നു. മറ്റൊരാളുമായുള്ള കല്ല്യാണത്തിന് ഞാന്‍ സമ്മതിക്കില്ല, അതുകൊണ്ട് അശോകിനെ കൊണ്ടുപോവുകയാണ്”. ശേഷം തോക്കിന്‍ മുനയില്‍ കാമുകനെയും തട്ടിയെടുത്ത് വര്‍ഷ പാഞ്ഞു.

വഞ്ചനാക്കുറ്റം ആരോപിച്ച് അശോക് വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്
അശോക് യാദവ് ജയിലിലായിരുന്നു. ജൂലൈ 7 നാണ് അശോകിന് ജാമ്യം ലഭിക്കുന്നത്.

Top