തിരുവനന്തപുരം : രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാം ക്യാമ്പസിന് ആർഎസ്എസ് സർസംഘ ചാലക് ഗോൾവാൾക്കറിന്റെ പേരിടുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ. തീരുമാനത്തെ സങ്കുചിതമായി കാണേണ്ടതില്ലെന്ന് പൊൻ രാധാകൃഷ്ണൻ പറഞ്ഞു.
ഗോൾവാൾക്കർ ദേശീയവാദിയാണ്. ഗോൾവാൾക്കറിന്റെ പേര് ക്യാമ്പസിന് നൽകുന്നത് ഉചിതമായ തീരുമാനമെന്നും പൊൻ രാധാകൃഷ്ണൻ വ്യക്തമാക്കി.
എല്ലാത്തിനും വർഗീയ നിറം നൽകാൻ ശ്രമിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു പൊൻ രാധാകൃഷ്ണൻ.അതേസമയം, തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് ആചാര്യൻ എംഎസ് ഗോൾവാൾക്കറിന്റെ പേര് നൽകാനുള്ള നീക്കത്തിനെതിരെ എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനു കത്തും അയച്ചിരുന്നു.