അഹമ്മദാബാദ്: രാജ്യത്തെ എല്ലാ ആദിവാസി, ഗോത്ര വിഭാഗങ്ങളും പിന്തുണയ്ക്കുന്നത് ബിജെപിയെയാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ഈ പിന്തുണയ്ക്ക് കാരണം നരേന്ദ്രമോദി സർക്കാർ ഗോത്രവിഭാഗങ്ങൾക്കായി ചെയ്തുവന്ന ശാക്തീകരണ പ്രവർത്തനങ്ങളാണെന്ന് അമിത് ഷാ പറഞ്ഞു. ഈ വിഭാഗങ്ങൾക്കായി പതിറ്റാണ്ടുകൾ രാജ്യം ഭരിച്ച കോൺഗ്രസ് യാതൊന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തെക്കൻ ഗുജറാത്തിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1990 മുതൽ ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്. ബിജെപി സർക്കാർ അധികാരത്തിലേറിയതിന് ശേഷമാണ് സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വികസനമെത്തിയത്. തങ്ങളുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. 1990ന് ശേഷം അധികാരത്തിലെത്താൻ കഴിയാത്തവർ എന്ത് പ്രവർത്തനമാണ് നടത്തുന്നത്? അമിത് ഷാ ചോദിച്ചു.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു സ്ത്രീയെ രാജ്യത്തിന്റെ പ്രസിഡന്റാക്കാൻ ബിജെപിക്ക് സാധിച്ചെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരണകാലത്ത് ആദിവാസി ക്ഷേമത്തിനായി 1000 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ, ബിജെപി സർക്കാർ ഇത് ഒരു ലക്ഷം കോടി രൂപയായി വർധിപ്പിച്ചുവെന്നും അമിത് ഷാ പറഞ്ഞു. ഡിസംബർ1,5 തിയതികളിൽ രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8ന് വോട്ടെണ്ണും.