അരുണാചല്‍ പ്രദേശിലെ ഗ്രാമത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് അരി സൗജന്യം

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഗ്രാമത്തില്‍ കോവിഡ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ സൗജന്യ അരി നല്‍കി അധികൃതര്‍. വാക്‌സിന്‍ സ്വീകരിക്കുന്ന 45 വയസിന് മുകളിലുള്ളവര്‍ക്ക് 20 കിലോ വരെ അരിയാണ് സൗജന്യമായി പ്രഖ്യാപിച്ചത്. പ്രദേശവാസികള്‍ക്കിടയില്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയായിരുന്നു ഓഫര്‍. ഇനിയും അരി വിതരണം തുടരുമെന്നും അധികൃതര്‍ പറയുന്നു.
പ്രദേശത്ത് വാക്‌സിനേഷന്‍ നപടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായി യസാലി സര്‍ക്കിള്‍ ഓഫിസര്‍ താഷി വാങ്ചുക് തോങ്‌ഡോക് പറയുന്നു.

കഴിഞ്ഞ ദിവസം വരെ 80 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ജൂണ്‍ അവസാനത്തോടെ നൂറുശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും തോങ്‌ഡോക് പറയുന്നു. വിവേകാനന്ദ കേന്ദ്ര വിദ്യാലയത്തിലെ രണ്ടു പൂര്‍വ വിദ്യാര്‍ഥികളാണ് അരി വിതരണം ചെയ്യുന്നതിനായി സംഭാവന നല്‍കിയത്.

 

Top