തൃശ്ശൂര്‍: സംസ്ഥാനത്ത് പൊതുവിപണിയില്‍ അരി വില്‍പന മുന്‍മാസങ്ങളെ അപേക്ഷിച്ച് പകുതിയായി. വില കിലോഗ്രാമിന് അഞ്ചു രൂപയോളം കുറയുകയും ചെയ്തു. പ്രളയ സഹായമായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി അരി കൊടുക്കുന്നതും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് അരിയെത്തിയതുമാണ് അരി വില കുറയാന്‍ കാരണമായത്.
കിലോഗ്രാമിന് 28 രൂപയ്ക്കുവരെ മട്ട അരി കിട്ടുന്നുണ്ട്. ആറു മാസം മുമ്പ് 43 രൂപ വരെയുണ്ടായിരുന്ന വിലയാണ് ഇടിഞ്ഞത്.
കേരളത്തിലെ അരിമില്ലുകള്‍ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി നെല്ല് എടുക്കുന്നതിന് മുന്‍കൂര്‍ കരാറുണ്ടാക്കുകയാണ് പതിവ്. അതുപ്രകാരം എടുത്ത നെല്ലാണ് അരിയാക്കി വില്‍പനയാകാതെ കിടക്കുന്നത്. അതിനാലാണ് വിലകുറച്ച് വില്‍പനയ്ക്ക് ശ്രമിക്കുന്നത്.