സമ്പന്ന കുടുംബാഗം വൃദ്ധനെ കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

ബംഗളൂരു: വയോധികനെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന യുവാവ് പിടിയില്‍. ബംഗളൂരു ദേവനഹള്ളി സ്വദേശി രാകേഷി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 15-നായിരുന്നു കേസിനാസ്പദമായ സംഭവം.30,000 രൂപയുടെ കടം തീര്‍ക്കാനുള്ള പണത്തിനായിട്ടാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചു.

ദേവനഹള്ളി സ്വദേശിയായ മൂര്‍ത്തി(65)യെയാണ് രാകേഷ് കൊലപ്പെടുത്തിയത്. മൂര്‍ത്തിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൂര്‍ത്തി ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. മൂര്‍ത്തിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകവിവരം പുറംലോകമറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.

നിറയെ ആഭരണങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്ന മൂര്‍ത്തിയെ പ്രതിക്ക് നേരത്തെ അറിയാമായിരുന്നു. കടം തീര്‍ക്കാന്‍ പണം ആവശ്യമായി വന്നതോടെ മൂര്‍ത്തിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബംഗളൂരുവിലെ ഉന്നത കുടുംബത്തിലെ അംഗമാണ് രാകേഷ്. പ്രതിയുടെ പിതാവിന്റെ പേരില്‍ മാത്രം ദേവനഹള്ളിയില്‍ ഏഴ് കോടിയിലധികം രൂപയുടെ ആസ്തികളുണ്ട്.

 

Top