ഇന്ത്യന്‍ സിനിമയുടെ വിപണി നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബോളിവുഡിലെ ഏറ്റവും ധനികനായ നിര്‍മ്മാതാവ് ആരാണ് എന്നതിനുള്ള ഉത്തരമാണ് ഫോര്‍ബ്‌സ് പുറത്ത് വിട്ടിരിക്കുന്നത്. യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ മുന്‍ മേധാവിയും ആര്‍എസ്‌വിപി ഫിലിംസിന്റെ ഉടമയുമായ റോണി സ്‌ക്രൂവാലയാണ് ഹിന്ദി സിനിമയില്‍ നിലവിലെ ഏറ്റവും സമ്പന്നമായ നിര്‍മ്മാതാവ്.
ഫോര്‍ബ്‌സ് പുറത്തുവിട്ട ലിസ്റ്റ് പ്രകാരം 1.5 ബില്യണ്‍ ഡോളറില്‍ മുകളിലാണ്് അദ്ദേഹത്തിന്റെ ആസ്തി. അതായത് 12,800 കോടി രൂപ. ബോളിവുഡിലെ പേരുകേട്ട നിര്‍മ്മാതാക്കളായ ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍, ഭൂഷണ്‍ കുമാര്‍, ഏക്ത കപൂര്‍, സാജിദ് നദിയാവാല എന്നിവരൊക്കെ ആസ്തിയില്‍ റോണി സ്‌ക്രൂവാലയേക്കാള്‍ താഴെയാണ്.
വരുമാനത്തിന്റെ നല്ലൊരു പങ്കും വരുന്നത് സിനിമയില്‍ നിന്നാണെങ്കിലും മറ്റ് പല ബിസിനസ് മേഖലകളിലും സജീവമാണ് റോണി സ്‌ക്രൂവാല. എജ്യൂക്കേഷന്‍ കമ്പനിയായ അപ്ഗ്രാഡ്, സ്‌പോര്‍ട്‌സ് കമ്പനിയായ യു സ്‌പോര്‍ട്‌സ്, യൂണിലേസര്‍ വെഞ്ച്വേഴ്‌സ് എന്നിവയിലെല്ലാം അദ്ദേഹത്തിന് നിക്ഷേപമുണ്ട്. സ്വന്തം നിലയില്‍ കെട്ടിപ്പടുത്തതാണ് റോണി സ്‌ക്രൂവാല തന്റെ ബിസിനസ് സാമ്രാജ്യം.
എഴുപതുകളില്‍ ടൂത്ത് ബ്രഷ് നിര്‍മ്മാണത്തിലൂടെയാണ് തുടക്കം കുറിക്കുന്ന അദ്ദേഹം 1981 ല്‍ കേബിള്‍ ടിവി ബിസിനസിലൂടെയാണ് വിനോദ വിപണിയിലേക്ക് കടക്കുന്നത്. 1990 ല്‍ 37,000 രൂപ നിക്ഷേപവുമായാണ് അദ്ദേഹം യുടിവി ആരംഭിക്കുന്നത്. ടെലിവിഷന്‍ ഷോകളും പിന്നീട് സിനിമകളും ഈ കമ്പനിയുടെ ബാനറുകളില്‍ എത്തി. സ്വദേശ്, ജോധാ അക്ബര്‍, ഫാഷന്‍, ബര്‍ഫി, ചെന്നൈ എക്‌സ്പ്രസ് അടക്കം നിരവധി ചിത്രങ്ങള്‍ ഈ ബാനറില്‍ എത്തി. 2012 ല്‍ യുടിവിയിലെ തന്റെ ഓഹരി ഡിസ്‌നിക്ക് അദ്ദേഹം വിറ്റു. ഒരു ബില്യണ്‍ ഡോളറിലേറെയാണ് ഇതിലൂടെ ലഭിച്ചത്. 2014 ലാണ് ആര്‍എസ്‌വിപി മൂവീസ് എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനി റോണി സ്‌ക്രൂവാല ആരംഭിച്ചത്.