മുസ്ലീംലീഗിനെയും അതിന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പാഠംപഠിപ്പിക്കുക എന്ന വാശിയിലേക്കാണിപ്പോള്‍ സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയുള്ളത്. ഇ.കെ വിഭാഗം സുന്നികളിലെ ബഹുഭൂരിപക്ഷവും ഈ വിഭാഗത്തോടൊപ്പമാണ് ഉള്ളത്. പെരിന്തല്‍മണ്ണ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് സമ്മേളനത്തില്‍ നിന്നും സമസ്ത യുവനേതാക്കളെ തഴഞ്ഞതാണ് ഇ.കെ വിഭാഗം നേതാക്കളെയും പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ ഈ സ്ഥാപനത്തില്‍ നിന്നും സമസ്ത യുവനേതാക്കളെ മാറ്റിനിര്‍ത്തിയത് ലീഗ് ഇടപെട്ടാണെന്നാണ് വലിയവിഭാഗവും വിശ്വസിക്കുന്നത്.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയ പ്രമുഖ നേതാക്കളാണ് അവഗണിക്കപ്പെട്ടിരുന്നത്. സമസ്ത നേരിട്ടുനടത്തുന്ന വിദ്യാഭ്യാസസ്ഥാപനമായ പട്ടിക്കാട് ജാമിഅയിലെ സമ്മേളനത്തില്‍നിന്നാണ് ഈ അനുഭവം ഉണ്ടായത് എന്നതിനാല്‍ ഇതിന് തിരിച്ചടിയായി ലീഗിന് ശക്തമായ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനാണ് തീരുമാനം. സമസ്തയിലെ മുസ്ലിം ലീഗ് അനുകൂലികളെ തഴഞ്ഞ് മുന്നോട്ട് പോകണമെന്ന അഭിപ്രായത്തിനൊപ്പമാണ് സംഘടനയിലെ പൊതുവികാരം.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യില്ലെന്ന നിലപാട് ഒരുവിഭാഗം സ്വീകരിച്ചത് ഇതിന്റെ ഭാഗമാണ്. ലീഗിനെ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും സജീവമാണ്. മുന്‍പ് കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്നും ലീഗ്-സമസ്ത ബന്ധം ഉലഞ്ഞിരുന്നു. അന്ന് ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ഇടപെട്ടതോടെയാണ് തര്‍ക്കങ്ങള്‍ തല്‍ക്കാലം പരിഹരിച്ചിരുന്നത്. പിന്നീട് ചെമ്മാട് ദാറുല്‍ഹുദാ സര്‍വകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗമായ ‘ബുക്ക് പ്ലസ്’ നടത്തിയ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് മുസ്ലിംലീഗ് നേതാക്കള്‍ നേതൃത്വം നല്‍കിയതും സമസ്തയിലെ ലീഗ് വിരുദ്ധരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
ഇതിനുശേഷം കോഴിക്കോട് മുക്കത്ത് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ പാണക്കാട് തങ്ങള്‍മാരെ ക്ഷണിക്കാത്തതിനെത്തുടര്‍ന്ന് ആ ചടങ്ങിന് തന്നെ പള്ളിക്കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയതും സമസ്ത – ലീഗ് പോര് കൂടുതല്‍ രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫ്. മുരിങ്ങംപുറായി യൂണിറ്റ് കമ്മിറ്റി നിര്‍മിച്ച സഹചാരി സെന്റര്‍ ഉദ്ഘാടന പരിപാടിക്കായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. തിരുവമ്പാടി മണ്ഡലം മുസ്ലിംലീഗ് നേതാവു കൂടിയായ മഹല്ല് സെക്രട്ടറി തന്നെയാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയതെന്നതും ശ്രദ്ധേയമാണ്.
സമസ്ത നേതൃത്വം സി.പി.എമ്മിനോട് പല വിഷയങ്ങളിലും സഹകരിക്കുന്നതാണ് മുസ്ലീംലീഗിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ലീഗ് നേതൃത്വത്തിന്റെ അറിവോട് കൂടി പ്ലാന്‍ ചെയ്ത ഇടപെടലാണിപ്പോള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ എപ്പിസോഡാണ് പട്ടിക്കാട് അറബിക് കോളജിലും അരങ്ങേറിയിരിക്കുന്നത്. എരിതീയില്‍ എണ്ണ ഒഴിച്ചതിന് തുല്യമായ ഇഫക്ടാണ് ഈ സംഭവമിപ്പോള്‍ സമസ്തയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഹൈദരലി ശിഹാബ് തങ്ങള്‍ ലീഗ് അദ്ധ്യക്ഷനായപ്പോള്‍ സ്വീകരിച്ച നിലപാടുകളില്‍ നിന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യതിചലിക്കുന്നതില്‍ തങ്ങള്‍ കുടുംബത്തിലും എതിര്‍പ്പുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇതും ലീഗ് നേരിടാന്‍ പോകുന്ന അടുത്ത വെല്ലുവിളിയാണ്. സമസ്ത ഒന്നടങ്കം എതിരായാല്‍ അതോടെ മുസ്ലീംലീഗിന്റെ അടിത്തറയാണ് തകര്‍ക്കപ്പെടുക.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂരില്‍ പി.കെ. ഫിറോസ് തോറ്റതിനു ഒരു പ്രധാന കാരണം തന്നെ സമസ്തയിലെ ഒരുവിഭാഗത്തിന്റെ വോട്ട് ഇടത്തോട്ട് പോയതിലാണ്. ലീഗ്-സമസ്ത പോര് തുടര്‍ന്നാല്‍ മലപ്പുറത്തെ ലീഗിന്റെ പൊന്നാപുരം കോട്ടകള്‍ മാത്രമല്ല കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ പല സിറ്റിംഗ് സീറ്റുകളും ലീഗിന് നഷ്ടമാകും. മാത്രമല്ല പൊന്നാനി ലോകസഭ മണ്ഡലത്തിലും അതിന്റെ അലയൊലി ദൃശ്യമാകും.
നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ പതിനായിരത്തില്‍ താഴെ മാത്രമാണ് ഈ ലോകസഭ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷമുള്ളത്. സമസ്ത ഒപ്പമില്ലങ്കില്‍ പോലും ഇത്തവണ ഇടതുപക്ഷം പിടിച്ചെടുക്കാന്‍ സാധ്യതയുള്ള ഈ മണ്ഡലത്തില്‍ സമസ്ത കൂടി ലീഗിന് എതിരായാല്‍ പിന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ആയിരിക്കും പൊന്നാനിയില്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരിക. കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നതും ആ യാഥാര്‍ത്ഥ്യം തന്നെയാണ്.
പൊന്നാനി ലോകസഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടെ താനൂര്‍, തവനൂര്‍, പൊന്നാനി, തൃത്താല എന്നീ നാല് നിയമസഭാ മണ്ഡലങ്ങളും നിലവില്‍ ഇടതുപക്ഷമാണ് ഭരിക്കുന്നത്. തിരൂര്‍, തിരൂരങ്ങാടി, കോട്ടയ്ക്കല്‍ മണ്ഡലങ്ങള്‍ മാത്രമാണ് ലീഗിന്റെ കൈവശമുള്ളത്. തിരൂരിലാകട്ടെ 2011-നെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ വലിയകുറവാണുള്ളത്. നിലവിലെ എം.എല്‍.എ.യായ കുറുക്കോളി മൊയ്തീന് 7214 വോട്ടാണ് ഭൂരിപക്ഷമുള്ളത്. 2011-ല്‍ ലീഗിലെ സി. മമ്മൂട്ടിക്ക് 23,566 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു സ്ഥലത്താണ് ഈ ഇടിവുണ്ടായിരിക്കുന്നത്. കോട്ടയ്ക്കലിലും ഇതേ അവസ്ഥ തന്നെയാണ്.
2016-ലും 2021-ലും കാര്യമായ ഭൂരിപക്ഷത്തിലേക്കെത്താന്‍ ഇവിടെയും ലീഗിനായിട്ടില്ല. തിരൂരങ്ങാടിയില്‍ 2016-ലെ 6,043 ഭൂരിപക്ഷം കെ.പി.എ. മജീദ് 9,578 ആയി ഉയര്‍ത്തിയെങ്കിലും അതും ആശ്വാസകരമല്ല. ഈ മണ്ഡലങ്ങളിലെല്ലാം വലിയ വോട്ട് ബാങ്കാണ് സമസ്തയ്ക്കുള്ളത്. സമസ്തയുടെ ശക്തികേന്ദ്രങ്ങളായ കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലും ഇപ്പോഴത്തെ പ്രതിസന്ധി ലീഗിന്റെ വോട്ടിനെ സാരമായി തന്നെ ബാധിക്കും.
സമസ്തയുമായി പോരാടിക്കാന്‍ നില്‍ക്കുന്ന ലീഗ് നേതൃത്വം സ്വന്തം ശക്തി എന്താണെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. സെക്യുലര്‍ സ്വഭാവം കാണിക്കുന്നുണ്ടെങ്കിലും ലീഗിനു ലഭിക്കുന്ന വോട്ടുകള്‍ മഹാഭൂരിപക്ഷവും മുസ്ലീം സമുദായം നല്‍കുന്ന വോട്ടുകളാണ്. അവിടെ സമസ്ത വലിയ ഒരു ഘടകവുമാണ്. സാദിഖലി തങ്ങള്‍ക്ക് അതറിയില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയെങ്കിലും ഉപദേശിക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസ്സിന്റെ വോട്ടുകള്‍ ഇല്ലങ്കില്‍ എത്ര സീറ്റുകളില്‍ ലീഗ് ജയിക്കുമെന്നതിനെ കുറിച്ചും ലീഗ് നേതൃത്വം ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്. സമസ്തയെ എതിരാക്കാന്‍ കോണ്‍ഗ്രസ്സുപോലും ആഗ്രഹിക്കാത്തത് സംഘടിതമായ ആ വോട്ട് ബാങ്കിനെ പേടിച്ചിട്ടു തന്നെയാണ്. ആര്‍.എസ്.എസ് എതിരായാല്‍ ബി.ജെ.പി ഒന്നുമല്ലെന്ന അവസ്ഥയ്ക്കു സമാനമായിരിക്കും സമസ്ത കൈവിട്ടാല്‍ ലീഗിനും സംഭവിക്കുക.
രാജ്യം ഉറ്റുനോക്കുന്ന പ്രധാന വിഷയങ്ങളില്‍ പോലും വ്യക്തമായ നിലപാടില്ലാത്ത കോണ്‍ഗ്രസ്സിനൊപ്പമാണ് ലീഗ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതും ഇപ്പോള്‍ കേരളത്തിലെ മുസ്ലീം ന്യൂനപക്ഷം തിരിച്ചറിയുന്നുണ്ട്. പൗരത്വ നിയമദേദഗതി വിഷയത്തിലായാലും ബാബറി മസ്ജിദ് വിഷയത്തിലായാലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന കാര്യത്തിലായാലും ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച മതേതര പാര്‍ട്ടി സി.പി.എമ്മും ഇടതുപക്ഷവുമാണ്. അതും കേരളത്തിലെ മുസ്ലീം സമുദായത്തിന് നന്നായി അറിയാം. ഈ തിരിച്ചറിവ് ഉള്ളതു കൊണ്ടാണ് മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കടുത്ത ഇടതുപക്ഷ വിരുദ്ധരായ മതനേതാക്കള്‍ പോലും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സമസ്ത നേതാക്കളുടെ നിലപാട് മാറ്റവും ഇടതുപക്ഷ നിലപാടിനുള്ള പിന്തുണയാണ്.
രാജ്യത്തെ പൗരന്മാരെ രണ്ടായി ചിത്രീകരിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ ലക്ഷങ്ങളെ തെരുവിലിറക്കി ഇടതുപക്ഷം മനുഷ്യ ശ്യംഖല തീര്‍ത്തപ്പോള്‍ അതില്‍ വിവിധ ജാതി – മത സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം സമസ്ത പ്രവര്‍ത്തകരും സജീവമായി പങ്കാളികളായിട്ടുണ്ട്. അന്നു മുതലാണ് ലീഗ് നേതൃത്വത്തിന് സമസ്തയോടുള്ള പക വര്‍ദ്ധിച്ചിരുന്നത്. മനുഷ്യശൃംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവിനെ ഉള്‍പ്പെടെ പുറത്താക്കിയ ചരിത്രമാണ് മുസ്ലിംലീഗ് നേതൃത്വത്തിന് അവകാശപ്പെടാനുള്ളത്. മോദി സര്‍ക്കാറിനെതിരെ ഇടതുപക്ഷം സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയിലും ക്ഷണം ലഭിച്ചിട്ടും ലീഗ് നേതൃത്വം ഇതുവരെ പങ്കെടുത്തിട്ടില്ല. ഇതില്‍ നിന്നു തന്നെ ആരുടെ താല്‍പ്പര്യമാണ് ലീഗ് നടപ്പാക്കുന്നതെന്നതും വ്യക്തമാണ്. ഇവിടെയാണ് ലീഗാണോ സമസ്ത നേതൃത്വമാണോ ശരിയെന്നത് ലീഗിന് വോട്ട് ചെയ്യുന്നവരും വിലയിരുത്തേണ്ടത്….
EXPRESS KERALA VIEW