Right to Education Act- review- NITI Ayog

ന്യൂഡല്‍ഹി: നീതി ആയോഗ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പുനഃപരിശോധനക്കൊരുങ്ങുന്നു. ആറ് മുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നതാണ് നിയമം.

എന്നാല്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് നീതി ആയോഗ് വിലയിരുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ നീതി ആയോഗ് ഒരുങ്ങുന്നത്.

നിയമം മൂലം വിദ്യാര്‍ത്ഥികളുടെ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഒരു പരിധി വരെ കുറക്കാന്‍ സാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ആറ് മുതല്‍ പതിനാല് വയസ് വരെയുള്ള കുട്ടികളില്‍ ഭൂരിപക്ഷവും വിദ്യാലയങ്ങളില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇവരുടെ പഠന നിലവാരം ഉയര്‍ന്നതല്ല.

എട്ടാം ക്ലാസ് പാസാകുന്ന വിദ്യാര്‍ത്ഥിക്ക് രണ്ടാം ക്ലാസിലെ പാഠപുസ്തകം പോലും വായിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇതിനാലാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ മാറ്റം വരുത്താന്‍ നീതി ആയോഗ് തയ്യാറാകുന്നത്.

ഒരു കുടുംബം തന്നെ ഒന്നിലധികം റേഷന്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും നീതി ആയോഗ് വിലയിരുത്തുന്നു. ഇത് ഒഴിവാക്കാനായി ആധാര്‍ അടിസ്ഥാനമാകിയ റേഷനിങ് സംവിധാനം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് നീതി ആയോഗ്. ഇതു വഴി റേഷനിങ് സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.

Top