കോഴിക്കോട്: മിച്ചഭൂമി വിഷയത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ പ്രസ്താവനകള്‍ പുച്ഛിച്ച് തള്ളുന്നുവെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ കെവി ഷാജി. സര്‍ക്കാര്‍ നിയോഗിച്ച സമിതി തന്നെയാണ് മിച്ചഭൂമി കണ്ടെത്തിയത്. അന്‍വര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. വിവരാവകാശ കൂട്ടായ്മയുടെ പ്രവര്‍ത്തിയാണ് മിച്ചഭൂമി കണ്ടെത്തിയതെന്നും കെവി ഷാജി പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് പിവി അന്‍വര്‍ എംഎല്‍എക്കെതിരെ വിമര്‍ശനവുമായി ഷാജി രംഗത്തെത്തിയത്.
ഷാജഹാനുമായി ഒരു ബന്ധവും ഇല്ല. കണ്ടിട്ടു പോലുമില്ല. ഹോട്ടലില്‍ പോയതിന്റെ ഉള്‍പ്പെടെ തെളിവുകള്‍ ഉണ്ട് എന്ന് പറയുന്നു. ഇതുവരെ കാണാത്ത ആളെ കുറിച്ചാണ് അന്‍വര്‍ പറയുന്നത്. ഈ തെളിവുകള്‍ അന്‍വര്‍ കോടതിയില്‍ ഹാജരാക്കണം. അന്‍വറിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. അന്‍വറിന്റെ ഭീഷണി വേണ്ടെന്നും ഷാജി പറഞ്ഞു. അന്‍വറുള്‍പ്പെടെ കൈവശം വച്ചിട്ടുള്ള മിച്ച ഭൂമി കണ്ടെത്തി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനുള്ള പോരാട്ടം തുടരും. അന്‍വര്‍ ഇതുവരെ ഒരു രേഖയും കൃത്യമായി ലാന്‍ഡ് ബോര്‍ഡ് മുന്നില്‍ ഹാജരാക്കിയിട്ടില്ല. 6 .24 ഏക്കര്‍ ഭൂമി കണ്ട് കെട്ടാനുള്ള ഉത്തവ് ഉണ്ടായിട്ട് പോലും അന്‍വര്‍ തെറ്റിദ്ധരിപ്പിക്കുന്നു. ഇതില്‍ കൂടുതല്‍ മിച്ചഭൂമി അന്‍വറിനുണ്ട്. അത് പിടിക്കാനുള്ള പോരാട്ടം തുടരും. ലാന്‍ഡ് ബോര്‍ഡ് ഉത്തരവിന് സ്റ്റേ ഉണ്ടെന്ന് പറയുന്നു. സ്റ്റേ ഉണ്ടെങ്കില്‍ അതിനെതിരെ നിയമ പോരാട്ടം നടത്തും. കേസിലെ രണ്ടാം കക്ഷിയെന്ന നിലയില്‍ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ഷാജി പറഞ്ഞു.
തനിക്ക് അനധികൃത ഭൂമി ഇല്ല. അന്‍വര്‍ തന്റെ പേരില്‍ ഭൂമി വാങ്ങിയോ എന്ന് അറിയില്ല. ഉണ്ടെങ്കില്‍ അതിന്റെ രേഖകള്‍ പുറത്ത് വിടണം. സത്യവാങ് മൂലത്തില്‍ രണ്ടാം ഭാര്യയെ കുറിച്ച് പറഞ്ഞിട്ടില്ല. പിന്നീടാണ് അപേക്ഷ നല്‍കി ലാന്‍ഡ് ബോര്‍ഡിന് വിശദീകരണം നല്‍കിയത്. ഇനിയും ഇത്തരം തട്ടിപ്പുകള്‍ അദ്ദേഹം നടത്തും. തലമുറകളായി കൈമാറി വന്ന ഭൂമി എന്ന അന്‍വറിന്റെ വാദം തെറ്റാണ്. പലതും ഭീഷണിപ്പെടുത്തി കൈക്കലാക്കിയതാണ്. രേഖകള്‍ കിട്ടുന്ന മുറക്ക് പുറത്ത് വിടും. ഭീഷണിയും പ്രലോഭനങ്ങളും ഇപ്പോഴും ഉണ്ട്. വിദേശങ്ങളില്‍ നിന്ന് വരെ ഭീഷണി സന്ദേശങ്ങള്‍ വരാറുണ്ട്. അപായപ്പെടുത്താന്‍ ഉള്ള ശ്രമങ്ങള്‍ നടന്നതായി സംശയിക്കുന്നുവെന്നും കെവി ഷാജി പറഞ്ഞു.