മലയാള സിനിമയിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളില്‍ പശ്ചാത്തപിച്ച രഞ്ജി പണിക്കരുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് നടി റിമ കല്ലിങ്കല്‍. ഇത് ഒരു പുതിയ new wave ന്റെ തുടക്കം എന്നു പറഞ്ഞുകൊണ്ടാണ് റിമ രഞ്ജി പണിക്കരുടെ വാക്കുകളെ സ്വാഗതം ചെയ്തത്.
‘അദ്ദേഹം പറഞ്ഞത് പോലെ എല്ലാ കലാസൃഷ്ടികളും കാലാകാലങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാകും. നമ്മള്‍ ജീവിക്കുന്ന കാലത്തെയാണ് എല്ലാ കലകളും രേഖപ്പെടുത്തുന്നത്. കാലാതിവര്‍ത്തിയായ, തലമുറകള്‍ ആദരിക്കുന്ന കലാസൃഷ്ടികളുണ്ടാക്കാം നമുക്ക്’ റിമ ഫേസ്ബുക്കില്‍ കുറിച്ചു. സെന്‍സ്, സെന്‍സിറ്റിവിറ്റി, സെന്‍സിബിലിറ്റി എന്ന ഹാഷ് ടാഗോടു കൂടിയാണ് റിമയുടെ പോസ്റ്റ്.
‘ആള്‍ക്കൂട്ടത്തിലിരുന്ന് എന്റെ സിനിമ കാണുന്ന ഒരു സ്ത്രീയ്ക്ക് ആ സിനിമകളിലെ സംഭാഷണങ്ങള്‍ അവഹേളനപരമായി തോന്നുന്നുവെങ്കില്‍ , അത് എന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്ന് തുറന്ന് സമ്മതിക്കുന്നു. അതെഴുതിയത് സ്ത്രീകളെ ചെറുതാക്കി കാണിക്കണമെന്ന ആഗ്രഹത്തോടെയൊന്നുമല്ല. എന്റെ ചിന്ത ഒരിക്കലും അത്തരത്തില്‍ പോയിട്ടില്ല. അത് ആ കഥയുടെയും കഥാപാത്രങ്ങളുടെയും സ്വാഭാവികതയില്‍ നിന്ന് വന്നതാണ്. ലിംഗം, ജാതി, വര്‍ണം, മതവിശ്വാസം എന്നിവയില്‍ അധിഷ്ഠിതമായ അത്തരം സംഭാഷണങ്ങള്‍ ഞാന്‍ എഴുതാന്‍ പാടില്ലാത്തതായിരുന്നു’- ഇതായിരുന്നു രഞ്ജി പണിക്കരുടെ വാക്കുകള്‍.