സ്വിറ്റ്‌സര്‍ലന്റ്: റിയോ ഒളിമ്പിക്‌സില്‍ നിന്നും ലോക നാലാം നമ്പര്‍ ടെന്നീസ് താരം സ്റ്റാന്‍സ്ലാസ് വാവ്‌റിങ്ക പിന്മാറി. കടുത്ത ദേഹം വേദന മൂലമാണ് താന്‍ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറുന്നതെന്ന് വാവ്‌റിങ്ക അറിയിച്ചു.
ഇതോടെ ടെന്നീസില്‍ മെഡല്‍ നേടാനുള്ള സ്വിറ്റ്‌സര്‍ലന്റിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച സ്വിസ് ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഒളിമ്പിക്‌സില്‍ നിന്നും പിന്‍മാറിയിരുന്നു. പരിക്കിനെ തുടര്‍ന്നായിരുന്നു താരത്തിന്റെയും പിന്‍മാറ്റം.
വാവ്‌റിങ്കയും പിന്‍മാറിയതോടെ സ്വിറ്റ്‌സര്‍ലന്റിന് ഉറപ്പായ ഒരു മെഡലാണ് നഷ്ടമായിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്റിന് മെഡല്‍ ഉറപ്പുള്ള ഒരു ഇനമായിരുന്നു ടെന്നീസ്.
2008 ലെ ബീജിങ് ഒളിമ്പിക്‌സിലെ പുരുഷ വിഭാഗം ഡബിള്‍സ് ജേതാക്കളാണ് ഫെഡറര്‍വാവ്‌റിങ്ക സഖ്യം.
പ്രമുഖ താരങ്ങളുടെ പിന്‍മാറ്റം റിയോയിലെ ടെന്നീസ് കോര്‍ട്ടിന്റെ പകിട്ട് കുറച്ചിരിക്കുകയാണ്. നേരത്തെ മിലാസ് റാവോണിക്, തോമസ് ബെര്‍ഡിച്ച് തുടങ്ങി നിരവധി താരങ്ങള്‍ സിക്ക വൈറസ് ഭീഷണിയെ തുടര്‍ന്ന് പിന്‍മാറ്റം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ലോകറാങ്കിങ്ങിലെ ആദ്യ രണ്ട് സ്ഥാനക്കാരായ നൊവാക് ദ്യോകോവിച്ചും അന്റി മറേയും എത്തുന്നുണ്ട്. പരിക്ക് അലട്ടിയിരുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ റഫേല്‍ നദാലും റിയോയില്‍ ഇറങ്ങും.
ഒളിമ്പിക്‌സ് പുരുഷ വിഭാഗം ടെന്നീസില്‍ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ബ്രിട്ടന്റെ ആന്റി മറെ.