ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ സാക്ഷി മാലികിന് ന്യൂഡല്‍ഹിയില്‍ വന്‍ വരവേല്‍പ്പ്.
ഇന്ന് പുലര്‍ച്ചെ 3.50ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സാക്ഷിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
രാജ്യത്തിനായി ഒളിമ്പിക്‌സ് മെഡല്‍ നേടുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷങ്ങളായി ഇതിനുള്ള തയാറെടുപ്പിലായിരുന്നു.
ഡല്‍ഹിയില്‍ ലഭിച്ച വരവേല്‍പ്പ് അത്ഭുതപ്പെടുത്തിയെന്നും മഹത്തായ അനുഭവമാണെന്നും സാക്ഷി പറഞ്ഞു. ഈ നിമിഷത്തെ അഭിമാനത്തോടെ കാണുന്നുവെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.
ഒളിമ്പിക്‌സ് മെഡല്‍ ജേതാവിനായി വന്‍ സ്വീകരണ പരിപാടികളാണ് ജന്മനാടായ റോത്തക്കിലെ മൊഖ്രയില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും പങ്കെടുക്കും. സര്‍ക്കാറിന്റെ സമ്മാനമായ 2.5 കോടി രൂപയും കൈമാറും.
സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാക വാഹകയായിരുന്നു സാക്ഷി. ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ പി.വി. സിന്ധുവിന് ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം ഉജ്ജ്വല വരവേല്‍പ് നല്‍കിയിരുന്നു.