ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന് ഒളിമ്പിക് ഗോദയിലിറങ്ങാന്‍ അനുമതിയില്ല. ഉത്തേജക മരുന്ന് വിവാദത്തില്‍ നര്‍സിംഗിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി (വാഡ) നല്‍കിയ അപ്പീല്‍ രാജ്യാന്തര കോടതി അംഗീകരിച്ചു. നര്‍സിംഗിന് നാലു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.
തന്നെ കുടുക്കാന്‍ ഗൂഡാലോചന നടന്നെന്ന നര്‍സിംഗിന്റെ വാദം രാജ്യാന്തര കോടതി തള്ളുകയായിരുന്നു. വിലക്ക് അടിയന്തര പ്രാബല്യത്തോടെ നിലവില്‍ വന്നതായും രാജ്യാന്തര കോടതി അറിയിച്ചു. ഇതോടെ റിയോയില്‍ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ നര്‍സിംഗിന് ഇറങ്ങാന്‍ സാധിക്കില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് നര്‍സിംഗിനെ വിലക്കിയ ഉത്തരവ് പുറത്തിറക്കിയത്. നര്‍സിംഗിന് മത്സരിക്കാന്‍ വാഡ അനുമതി നല്‍കിയതായി വ്യാഴാഴ്ച വൈകിട്ട് അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു.
നേരത്തെ, ഉത്തേജകമരുന്ന് വിവാദത്തില്‍പ്പെട്ട നര്‍സിംഗ് യാദവിനു മത്സരിക്കാന്‍ ദേശീയ ഉത്തേജകവിരുദ്ധ സമിതി (നാഡ) അനുമതി നല്‍കുകയായിരുന്നു. 74 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിക്കാനിരിക്കെയായിരുന്നു യാദവ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. എന്നാല്‍, താന്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തനിക്കു നല്‍കിയ ഭക്ഷണത്തില്‍ ആരോ ഉത്തേജകമരുന്ന് കലര്‍ത്തിയതാണെന്നും യാദവ് വാദിച്ചു.
നാഡ നടത്തിയ അന്വേഷണത്തില്‍ നര്‍സിംഗിന്റെ വാദത്തില്‍ കഴമ്പുണ്ടെന്നാണു കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണു ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ നാഡ അദ്ദേഹത്തിന് അനുമതി നല്‍കിയത്. തന്റേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ ഒരു കായികതാരത്തിന്റെ ഒളിമ്പിക് സ്വപ്നങ്ങള്‍ ഇല്ലാതാക്കുന്നത് തെറ്റാണെന്നാണു നാഡയുടെ തീരുമാനം.
രണ്ട് തവണ ഉത്തേജകമരുന്ന് പരിശോധനയില്‍ നര്‍സിംഗ് പരാജയപ്പട്ടിരുന്നു. നിരോധിത മരുന്നായ മെത്താന്റിനോണിന്റെ അംശമാണു നര്‍സിംഗിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. ഒളിമ്പിക്‌സിനു പോകുന്നതിനുമുമ്പ് അത്‌ലറ്റുകളെല്ലാവരും ഉത്തേജകമരുന്നു പരിശോധന നടത്തണമെന്നു നാഡ നിഷ്‌കര്‍ഷിച്ചിരുന്നു. ഇതുപ്രകാരമാണ് നര്‍സിംഗിന്റെ സാമ്പിളുകള്‍ പരിശോധിച്ചത്. രണ്ട്‌വട്ടം ഒളിമ്പിക് മെഡല്‍ നേടിയിട്ടുള്ള സുശീല്‍കുമാറുമായുള്ള നിയമപോരാട്ടത്തിനൊടുവിലായിരുന്നു നര്‍സിംഗ് റിയോ ബെര്‍ത്ത് ഉറപ്പിച്ചത്.