റിയോ ഡി ജെനീറോ: കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ട് മാരക്കാന സ്റ്റേഡിയത്തില്‍ റിയോ ഒളിമ്പിക്‌സ് ദീപശിഖ തെളിഞ്ഞു. ബ്രസീലിയന്‍ മുന്‍ മാരത്തണ്‍ താരം വാന്‍ഡര്‍ലി ഡി ലിമയാണ് ദീപശിഖ തെളിച്ചത്.
ഇന്ത്യന്‍സമയം പുലര്‍ച്ചെ 4.30 മുതല്‍ ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ ലാറ്റിനമേരിക്കയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും അടയാളപ്പെടുത്തുന്നതായിരുന്നു. ഒളിമ്പിക് നഗരമായ റിയോ ഡി ജെനീറോയുടെ കായിക സംസ്‌കാരം മുതല്‍ ബ്രസീലിന്റെ വൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ വര്‍ണാഭമായിരുന്നു. സാമ്പത്തിക പ്രതിസന്ധികളില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് പണക്കൊഴുപ്പില്ലാതെയും എന്നാല്‍ വൈവിധ്യപൂര്‍ണമായിട്ടുമാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്.
ബ്രസീലിയന്‍ ഗായകന്‍ പൗളിഞ്ഞോ ഡാ വിയോള ദേശീയഗാനം അവതരിപ്പിച്ചതോടെ മാരക്കാനയില്‍ ആവേശമുയര്‍ന്നു. തുടര്‍ന്ന് വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റുകള്‍ക്ക് തുടക്കമായി.പോര്‍ച്ചുഗീസ് ഉച്ചാരണത്തിലുള്ള അക്ഷരമാല ക്രമത്തില്‍ ഗ്രീസ് താരങ്ങളാണ് ആദ്യം വേദിയിലെത്തിയത്. തുടര്‍ന്ന് അര്‍ജന്റീന, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും മാര്‍ച്ചിനെത്തി.
ഇന്ത്യയുടെ മാര്‍ച്ച് പാസ്റ്റില്‍ രാജ്യത്തിന്റെ ഏക വ്യക്തിഗത സ്വര്‍ണമെഡല്‍ നേടിയ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി ടീം പങ്കെടുത്തിരുന്നില്ല. ഇന്ന് മത്സരമുളളതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ എസ്. ശ്രീജേഷ് അറിയിച്ചു.അമേരിക്കയെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സ് നയിച്ചപ്പോള്‍ വനിത സ്പ്രിന്റര്‍ ഷെല്ലി ആന്‍ ഫ്രേസറാണ് ജമൈക്കക്കായി പതാകയേന്തിയത്.
206 രാജ്യങ്ങളില്‍നിന്നുള്ള 10,500 ലേറെ താരങ്ങളാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. ലോക വിജയികള്‍ക്കായി 28 മത്സരങ്ങളില്‍ നിന്നായി 306 സ്വര്‍ണമെഡലുകളാണ് കാത്തിരിക്കുന്നത്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായിരുന്നു. ഇന്ന് അമ്പെയ്ത്തും, ഹോക്കിയും ഉള്‍പ്പെടെയുളള മത്സരയിനങ്ങളാണ് അരങ്ങേറുന്നത്. റിയോ ഒളിമ്പിക്‌സിനായി 118 അംഗ ഇന്ത്യന്‍ സംഘമാണ് ബ്രസീലില്‍ എത്തിയിരിക്കുന്നത്.