രാജ്യത്ത് യുപിഐ ഉപയോഗം കൂടിയതായി റിപ്പോർട്ട്. രാജ്യത്തെ ആളുകളിൽ കൂടുതൽ പേരും യുപിഐ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ മടിക്കുന്നില്ല. ഫോണെടുക്കുക, സ്കാന് ചെയ്യുക, പേ ചെയ്യുക നടപടികൾ സിംപിളാണ്. കൂടുതലായി ഉപയോഗിക്കപ്പെടുന്നത് ഗൂഗിള് പേയോ, ഫോണ് പേയോ ആണ്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടും പറയുന്നത് ഇതാണ്. രാജ്യത്തെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കടകളിലെ യുപിഐ ഉപയോഗം വർധിച്ചു. 650 ശതമാനം വരെയാണ് ഈ വർധനയെന്നാണ് പഠനങ്ങൾ പറയുന്നത്.
ഡിജിറ്റൽ സേവനങ്ങളുടെ പേ നിയർബൈയായാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഏജന്റുമാരുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റൽ ഇടപാടുകളുടെ മൂല്യം വർധിച്ചതായും പറയുന്നുണ്ട്. 25 ശതമാനം വരെ മൂല്യത്തിലും 14 ശതമാനം വരെ എണ്ണത്തിലുമാണ് വർധനവ് ഉള്ളത്. മൈക്രോ എടിഎം, മൊബൈൽ പേയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ ആവശ്യത്തിൽ 25 ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങൾക്കും എൻബിഎഫ്‌സികൾക്കുമുള്ള ഇഎംഐ കളക്ഷനിൽ 200 ശതമാനത്തിലധികം കുത്തനെ വളർച്ചയുണ്ടായി.
ഉപയോക്താക്കളുടെ ഇടപാടുരീതിയിലെ മാറ്റവും ഇതിലൂടെ മനസിലായെന്നാണ് പേ നിയർബൈ എം.ഡി.യും സി.ഇ.ഒ.യുമായ ആനന്ദ് കുമാർ ബജാജ് പറയുന്നു. രാജ്യത്തെ ഡിജിറ്റൽവത്കരണം നടക്കുന്നത് വേഗതയിലാണ്. 95 ശതമാനം കമ്പനികളും അതിന് ചുക്കാന് പിടിക്കുന്നുണ്ട്. ഗവേഷണ ഏജൻസിയായ ഇന്റർനാഷണൽ ഡേറ്റ കോർപ്പറേഷൻ ഇന്ത്യ (ഐ.ഡി.സി.)യുടെതാണ് ഈ കണ്ടെത്തൽ. വരുന്ന മൂന്നു വർഷത്തിനകം ഏകദേശം ഏഴു ലക്ഷം കോടി രൂപ ഡിജിറ്റൽ വത്ക്കരണത്തിനായി ഇന്ത്യൻ കമ്പനികൾ ചെലവിടുമെന്നാണ് കണക്ക്കൂട്ടൽ.
പ്രവർത്തനക്ഷമതയും സുരക്ഷയും വർധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഓരോ ഇടപാടിന്റെയും ശരാശരി പണം പിൻവലിക്കലിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2021-ൽ 2,620 രൂപയായിരുന്നു എങ്കില് ഇന്നത് 2,595 രൂപയായി. എന്നാൽ കൂടുതൽ പൗരന്മാർ അവരുടെ ബാങ്കിംഗ്, ജീവിതശൈലി ആവശ്യങ്ങൾക്കായി അസിസ്റ്റഡ് ഡിജിറ്റൽ മാർഗങ്ങൾ സ്വീകരിച്ച് തുടങ്ങിയതായി റിപ്പോര്ട്ട് പറയുന്നു. ഈ കലണ്ടർ വർഷത്തിന്റെ ആദ്യത്തെ 10 മാസങ്ങളിൽ 70,000 കോടി രൂപയുടെ ഡിജിറ്റൽ സേവനങ്ങൾ നൽകി. പണം പിൻവലിക്കലിലെ മാറ്റങ്ങൾ ബിസിനസിന്റെ സ്ഥിരമായ വളർച്ചയെയും സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനെയും സൂചിപ്പിക്കുന്നു. കൊവിഡ് നല്കിയ ആഘാതത്തെ അതിജീവിക്കാൻ ഇത് സഹായിക്കുമെന്നും ആനന്ദ് കുമാർ ബജാജ് പറയുന്നു.