രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച കന്നഡ ചിത്രമാണ് റിഷഭ് ഷെട്ടി സ്വന്തം സംവിധാനത്തിൽ നായകനായ ‘കാന്താര’. ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളിലും കാന്താര മൊഴി മാറ്റി പ്രദർശനത്തിന് എത്തിയിരിക്കുകയാണ് . മറ്റ് ഭാഷകളിലെത്തിയപ്പോഴും അതാതിടങ്ങളിലെ താരങ്ങളടക്കം ‘കാന്താര’യെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ഹിന്ദി പതിപ്പ് മികച്ച പ്രതികരണം നേടുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹിന്ദി പതിപ്പിന്റെ റിലീസ് ദിവസമായ കഴിഞ്ഞ വെള്ളിയാഴ്‍ച 1.27 കോടിയാണ് ചിത്രം നേടിയത്. തുടർന്നുളള ദിവസങ്ങളിലായി 2.75 കോടി, 3.50 കോടി എന്നിങ്ങനെ നേടിയ ഹിന്ദി ചിത്രം ഇതുവരെയായി മൊത്തം 7.52 കോടിയാണ് കളക്റ്റ് ചെയ്‍തിരിക്കുന്നത്. ‘കാന്താര’ മലയാളത്തിലും റിലീസ് ചെയ്യുമെന്ന് പൃഥ്വിരാജ് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 20നാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് പ്രദർശനത്തിന് എത്തുക.
സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തിൽ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്?. വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു. മലയാളം പതിപ്പിന്റെ ട്രെയിലറും പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. എന്തായാലും മറ്റ് ഭാഷകളിലേക്കും ‘കാന്താര’ എത്തിയതോടെ ചിത്രത്തിന്റെ ബോക്സ് ഓഫീസിലും അത് വലിയ മാറ്റങ്ങൾ സൃഷ്‍ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
‘കെജിഎഫ്’ നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിർമിച്ച് സെപ്റ്റംബർ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതിനകം 139 കോടിയോളം നേടിയതായാണ് റിപ്പോർട്ട്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിൻറെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തിൽ സപ്‍തമി ഗൌഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷഭ് ഷെട്ടി തന്നെയാണ ചിത്രത്തിന്റെ തിരക്കഥയും.