സിഡ്‌നി: ഓസീസ് പര്യടനത്തില്‍ ആദ്യമായിട്ടാണെങ്കിലും മറ്റ് സീനിയര്‍ താരങ്ങളെക്കാള്‍ പരമ്പരയില്‍ ശ്രദ്ധിക്കപ്പെട്ടത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണ്. കളിയുടെ തുടക്കത്തില്‍ തന്നെ സ്ലെഡ്ജിങ്ങിലൂടെയാണ് പന്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
ഓസീസ് നായകന്‍ ടിം പെയ്‌നുമായും പിന്നെ പാറ്റ് കിമ്മിന്‍സുമായുമെല്ലാം പന്ത് വാക്ക്തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു.
വിക്കറ്റിനു പിന്നില്‍ ഓസീസ് നായകന്‍ ടിം പെയ്ന്‍ പന്തിനെ സ്ലെഡ്ജ് ചെയ്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സ്ലെഡ്ജിങ്ങിനിടെ തന്റെ കുട്ടികളെ നോക്കാമോയെന്ന് പെയ്ന്‍, പന്തിനോട് ചോദിച്ചിരുന്നു. ഇതിനു പിന്നാലെ പെയ്‌നിന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പം നില്‍ക്കുന്ന പന്തിന്റെ ചിത്രം പുറത്തു വന്നത് കൗതുകത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്.
പന്ത് ശരിക്കും ടിം പെയ്‌ന്റെ കുട്ടികളെ പരിചരിക്കാന്‍ പോയോ എന്നാണ് ആ ചിത്രം കണ്ട ആരാധകര്‍ ചോദിച്ചത്. ഇപ്പോളിതാ ആ ചിത്രത്തിന്റെ ചൂട് ആറുന്നതിന് മുന്‍പ് മൈതാനത്തും താനൊരു ‘ബേബി സിറ്ററാണെന്ന്’ തോന്നിപ്പിച്ചുകൊണ്ട് പന്തിന്റെ മറ്റൊരു വീഡിയോ പുറത്തു വരുന്നത്.
സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനത്തിലായിരുന്നു ഈ കൗതുകകരമായ സംഭവം നടന്നത്. കളിക്കിടെ പന്തുകൊണ്ട ഹനുമ വിഹാരിയെ താലോലിക്കുന്ന പന്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.മത്സരത്തിന്റെ 37ാം ഓവറിലായിരുന്നു സംഭവം. കുല്‍ദീപ് യാദവിന്റെ പന്ത് മാര്‍നസ് ലബുഷെയ്ന്‍ സ്വീപ് ചെയ്തത് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹനുമ വിഹാരിയുടെ ദേഹത്ത് തട്ടുകയായിരുന്നു. പന്ത് കൊണ്ടതും വിഹാരി നിലത്തു വീണു. മറ്റ് ഇന്ത്യന്‍ താരങ്ങളെല്ലാം വിഹാരിക്ക് അടുത്തേക്ക് വരുന്നുണ്ടായിരുന്നു. ഇതിനിടെ ഓടിയെത്തിയ പന്ത്, വിഹാരിയോട് കാര്യങ്ങള്‍ അന്വേഷിച്ച് താരത്തെ ചേര്‍ത്തു പിടിക്കുകയായിരുന്നു.
ഈ വീഡിയോ പുറത്തുവന്നതോടെ പന്ത് മൈതാനത്തിനകത്തും ഒരു ബേബി സിറ്ററാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കമന്റുകള്‍. പന്ത് ഇനി ശരിക്കുമൊരു ബേബി സിറ്ററാണോ എന്ന സംശയവും പലരും ചോദിച്ചിട്ടുണ്ട്.
https://vimeo.com/309595031