ഋഷഭ് പന്തിനു പകരം വൃദ്ധിമാന്‍ സാഹയ്ക്ക് അവസരം നല്‍കണമെന്ന് ദീപ് ദാസ്ഗുപ്ത

കൊല്‍ക്കത്ത : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് പന്തിനു പകരം വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ്ഗുപ്ത. ടെസ്റ്റില്‍ ബാറ്റിങ്ങിനേക്കാള്‍ വിക്കറ്റ് കീപ്പിങ്ങിലെ മികവിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരുക്കില്‍നിന്ന് മുക്തനായി തിരിച്ചെത്തിയശേഷം, മികച്ച ഫോമിലാണ് സാഹ കളിക്കുന്നത്. നിലവില്‍ ലോകത്തുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും മികച്ചയാളാണ് സാഹയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്ത്യ അഞ്ചു ബോളര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍, ഒരു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്റെ കുറവു നികത്താന്‍ മാത്രം മികവ് സാഹയുടെ ബാറ്റിങ്ങിനുണ്ടോ എന്നതു മാത്രമാണ് ചോദ്യമെന്നും ഗുപ്ത പറഞ്ഞു.

വൃദ്ധി പന്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനോ എന്ന് നിങ്ങള്‍ ചോദിക്കും. അല്ലായിരിക്കാം. അപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ആ ചോദ്യം ഉയരും. മികച്ച വിക്കറ്റ് കീപ്പറെയാണോ ബാറ്റ്‌സ്മാനെയാണോ നിങ്ങള്‍ക്ക് ആവശ്യം? വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ പന്തിന്റെ പ്രകടനം ശ്രദ്ധിച്ചതിന്റെ കൂടി അടിസ്ഥാനത്തില്‍ പറയട്ടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ സാഹയ്ക്കാണ് അവസരം നല്‍കേണ്ടതെന്ന പക്ഷക്കാരനാണ് ഞാന്‍’ ഗുപ്ത വ്യക്തമാക്കി.

Top