റിഷഭ് പന്തിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തണം; ഹോഗ്

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച റിഷഭ് പന്തിനെ ശ്രേയസ്‍ അയ്യര്‍ക്കോ സഞ്ജു സാംസണോ പകരം ടി20 ടീമുകളില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. വ്യത്യസ്ത ഷോട്ട് കളിക്കാന്‍ റിഷഭ് പന്തിന് പ്രത്യേക കഴിവുണ്ടെന്നും അദ്ദേഹത്തിനെതിരെ ബൗള്‍ ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അതിനാല്‍ റിഷഭ് പന്തിനെ പരിമിത ഓവര്‍ ക്രിക്കറ്റിലും കളിപ്പിക്കണമെന്നാണ് ഹോഗ് അഭിപ്രായപ്പെട്ടത്.

അതേസമയം, ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിരാട് കോലിയെ മാറ്റരുതെന്നും മാറ്റിയാല്‍ അത് അദ്ദേഹത്തിന്‍റെ ബാറ്റിംഗിനെ ബാധിക്കുമെന്നും ഹോഗ് പറഞ്ഞു. ക്യാപ്റ്റനായിരിക്കുമ്പോഴാണ് കോലി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ളത്. അതുമാത്രമല്ല, കോലിയെ മാറ്റിയാല്‍ അത് ഇന്ത്യന്‍ ടീമിന്‍റെ ശൈലി തന്നെ മാറ്റുന്ന നടപടിയായി പോവും. ഓസ്ട്രേലിയയില്‍ ഇന്ത്യയെ അവസാന മൂന്ന് ടെസ്റ്റിലും രഹാനെ മികച്ച രീതിയിലാണ് നയിച്ചത്. കോലിയെ അപേക്ഷിച്ച് ശാന്തനും സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കളിക്കാരനും ക്യാപ്റ്റനുമാണ് രഹാനെ. എങ്കിലും കോലിയെ ക്യാപ്റ്റനായി നിലനിര്‍ത്തി രഹാനെയെ വൈസ് ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ഹോഗ് കൂട്ടിച്ചേർത്തു.

Top