സര്‍ക്കാര്‍ വൈകിട്ട് കുറച്ച് സമയത്തേക്കെങ്കിലും മദ്യശാലകള്‍ തുറന്നുവെക്കണം: ഋഷി കപൂര്‍

rishi

കൊറോണ വ്യാപനം പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് 21 ദിവസം സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകളും സേവനങ്ങളും ഒഴികെ മദ്യശാലകളടക്കം അടച്ചു പൂട്ടിയിരിക്കുകയാണ്.

എന്നാല്‍ മദ്യശാലകള്‍ പൂട്ടിയത് മൂലം ദിനംപ്രതി ഏറിവരുന്ന മദ്യപാനികളുടെ ആത്മഹത്യാനിരക്കും സര്‍ക്കാരിന് തലവേദനയാവുന്നു. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഋഷി കപൂര്‍.

ഈ അവസ്ഥയില്‍ എന്നും വൈകിട്ട് കുറച്ച് സമയത്തേക്കെങ്കിലും ബാറുകളും മദ്യശാലകളും തുറന്നു വെക്കണമെന്ന് ട്വിറ്ററിലൂടെ അദ്ദേഹം സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

‘ഒന്ന് ആലോചിച്ചു നോക്കൂ. സര്‍ക്കാര്‍ വൈകിട്ട് കുറച്ച് സമയത്തേക്കെങ്കിലും മദ്യശാലകള്‍ തുറന്നുവെക്കണം. ഞാന്‍പറയുന്നത് തെറ്റായെടുക്കരുത്. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ പൊറുതി മുട്ടുകയാവും. പൊലീസുകാരായാലും ഡോക്ടര്‍മാരായാലും… ഇതില്‍ നിന്നും അവര്‍ക്കും അല്പം മോചനം വേണം. കരിഞ്ചന്തയിലും ഇതിപ്പോള്‍ വിറ്റ് തുടങ്ങിയിട്ടുണ്ട്.’ ഋഷി കപൂര്‍ ട്വീറ്റ് ചെയ്യുന്നു.

ഇത് തന്റെ അഭിപ്രായമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എക്‌സൈസ് നികുതിയിലൂടെ പണം വേണ്ടി വരുമല്ലോയെന്നും മാനസിക പിരിമുറുക്കത്തോടൊപ്പം നിരാശയും കടന്നു കൂടരുതെന്നും അദ്ദേഹം പറയുന്നു. നടന്റെ ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

Top