തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ വിവാദത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒബിസി മോര്‍ച്ചയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അംഗത്വം നല്‍കി സ്വീകരിച്ചു. ഋഷി പല്‍പ്പുവിനൊപ്പം തൃശൂരില്‍ ചില പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കുഴല്‍പ്പണ വിവാദത്തില്‍ ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വത്തെ പിരിച്ച് വിടണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഋഷി പല്‍പ്പുവിനെ ബിജെപി പുറത്താക്കിയത്.
കുഴല്‍പ്പണകേസില്‍ ബിജെപി ജില്ല നേതൃത്വത്തിനെതിരെ പല്‍പ്പു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതേതുടര്‍ന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ഋഷി പരാതി നല്‍കി. ഇതിന് പിന്നാലെ ഋഷിയെ സസ്‌പെന്റ് ചെയ്തതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്റെ വിശദീകരണം പോലും കേള്‍ക്കാതെയാണ് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും ഋഷി ആരോപിച്ചെങ്കിലും നടപടിയില്‍ മാറ്റമുണ്ടായില്ല.