Rishi Raj Singh’s statement

rishiraj-sing

കാഞ്ഞങ്ങാട് : 14 സെക്കന്‍ഡ് നോട്ടം വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി ഋഷിരാജ് സിംഗ്. നോക്കി ശല്യം ചെയ്യുന്നവനെ പെണ്‍കുട്ടികള്‍ തന്നെ പെരുമാറണമെന്നു ഋഷിരാജ് സിംഗ് പറഞ്ഞു.

ശല്യം ചെയ്യാന്‍ വരുന്നവര്‍ക്ക് ആദ്യം രണ്ടു പൊട്ടിക്കുകയാണ് വേണ്ടത്. എന്നിട്ടു മാത്രം മതി പരാതി കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികളാണ് പരാതി കൊടുക്കേണ്ടത്. ഒരാളുടെ നോട്ടം തുറിച്ചു നോട്ടമാണോ പ്രശ്‌നമുള്ള നോട്ടമാണോ എന്നു തിരിച്ചറിയാന്‍ 14 സെക്കന്‍ഡ് പോലും വേണ്ട.

ഇതുസംബന്ധിച്ച് പരാതി ലഭിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഉദിനൂര്‍ ഗവ. സ്‌കൂളില്‍ കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

സ്ത്രീ സുരക്ഷയ്ക്ക് ഇപ്പോഴത്തെ നിയമങ്ങള്‍ പര്യാപ്തമാണോ എന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 14 സെക്കന്‍ഡ് തന്നെ ഒരാള്‍ തുറിച്ചുനോക്കിയതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിനു കേസെടുത്ത് അയാളെ ജയിലിലടയ്ക്കാമെന്ന ഋഷിരാജ് സിംഗിന്റെ പ്രസ്താവന വിവാദമായിരുന്നു.

ഇങ്ങനെ അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ടുവരണമെന്നും ഈ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും സിങ് ആവശ്യപ്പെട്ടിരുന്നു.

ദില്ലിയിലെ നിര്‍ഭയ പെണ്‍കുട്ടിയുടെ മരണത്തിനു ശേഷം നിയമം കര്‍ശനമാക്കിയതു പരാമര്‍ശിച്ചായിരുന്നു പ്രസംഗം. കുരുമുളകു സ്‌പ്രേ അടക്കം സുരക്ഷാ മുന്‍കരുതലുകള്‍ പെണ്‍കുട്ടികള്‍ ശീലമാക്കണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.

Top