പ്രധാനമന്ത്രിയായി, പിന്നാലെ കടുത്ത നടപടിയുമായി ഋഷി സുനക്; മൂന്ന് മന്ത്രിമാർക്ക് കസേര പോയി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ ലിസ് ട്രസ് മന്ത്രിസഭയിലെ നാല്‌ അംഗങ്ങളോട് രാജി ആവശ്യപ്പെട്ട് ഋഷി സുനക്. പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഋഷി സുനക് കടുത്ത നടപടികളിലേക്ക് കടന്നത്. രാജി ആവശ്യപ്പെട്ടതിന് പിന്നാലെ മൂന്ന് പേര്‍ രാജിവെച്ചതായും റിപ്പോർട്ടുകളുണ്ട്.

വാണിജ്യ- ഊര്‍ജ്ജ മന്ത്രി ജേക്കബ് റീസ് മോഗ്, നിയമ വകുപ്പ് മന്ത്രി ബ്രാന്‍ഡന്‍ ലെവിസ്, വികസന മന്ത്രി വിക്കി ഫോര്‍ഡ്, തൊഴില്‍ പെന്‍ഷന്‍ മന്ത്രി ക്ലോ സ്മിത് എന്നിവരോട് രാജി വെയ്ക്കാന്‍ ഋഷി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ജേക്കബ് റീസ് മോഗ്, ബ്രാന്‍ഡന്‍ ലെവിസ്, ക്ലോ സ്മിത് എന്നിവര്‍ രാജിവെച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ധനമന്ത്രിയായി ജെറെമി ഹണ്ട് തുടരും. ബ്രിട്ടീഷ് മന്ത്രി അലോക് ശർമയ്ക്ക് കേബിനറ്റ് പദവി നഷ്ടമായി. ഡൊമിനിക് റാബിനെ ഉപ പ്രധാനമന്ത്രിയായി നിയമിച്ചു.

നേരത്തെ, തെറ്റുകള്‍ തിരുത്താനാണ് തന്നെ നിയോഗിച്ചതെന്നും മികച്ചതിനായി അശ്രാന്തം പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു ഋഷി സുനക് പറഞ്ഞിരുന്നു. വെല്ലുവിളികളെ നേരിടുമെന്നും ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top