തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജെയിലില്‍ തടവുകാര്‍ക്കായി തയാറാക്കിയ മോശം ഭക്ഷണം രുചിച്ചുനോക്കാന്‍ പോലും കൂട്ടാക്കാതെ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങ് മടങ്ങി. ജയിലിലെ ഭക്ഷണത്തിന്റെ നിലവാരം മോശമെന്ന് തടവുകാര്‍ കൂട്ടത്തോടെ പരാതിപ്പെട്ടിരുന്നു. പരാതിയെ തുടര്‍ന്ന് സന്ദര്‍ശനത്തിനിടെ തടവുകാര്‍ക്കൊരുക്കിയ ഭക്ഷണം നിലവാരമില്ലാത്തതാണെന്നു കണ്ടു രുചിച്ചുനോക്കാന്‍ പോലും ഋഷിരാജ് സിങ്ങ് തയ്യാറായില്ല. ‘ഈ മോശം ഭക്ഷണം ഞാനെന്തിനു കഴിക്കണം’ എന്ന് ചോദിച്ച് ഉച്ചഭക്ഷണം കഴിക്കാതെ അദ്ദേഹം മടങ്ങുകയായിരുന്നു.
മധ്യമേഖല ജയില്‍ സൂപ്രണ്ടുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ രാവിലെയാണ് അദ്ദേഹം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. യോഗത്തിനു ശേഷം തടവുകാരുമായി സംവദിക്കുന്നതിനിടെ ഭക്ഷണത്തിന്റെ മോശം നിലവാരത്തേക്കുറിച്ച് ഡിജിപിയോട് പരാതിപ്പെട്ടു.
സാധാരണഗതിയില്‍ തടവുകാര്‍ക്കുള്ള ഭക്ഷണം രുചിച്ചുനോക്കി ‘പാസ്’ അഥവാ അനുമതി നല്‍കേണ്ട ചുമതല ജയില്‍ സൂപ്രണ്ടിനാണ്. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഈ ചുമതല അവര്‍ക്കായിരിക്കും. ചോറും മീന്‍കറിയും പുളിശേരിയുമടക്കം ഇന്നലെ ഒരുക്കിയ ഉച്ചഭക്ഷണം രുചിച്ചുനോക്കാന്‍ എത്തിച്ചപ്പോഴാണു ഋഷിരാജ് സിങ് നിരസിച്ചത്. തടവുകാരുടെ പരാതി വാസ്തവമാണെന്നു ബോധ്യപ്പെട്ടതായിരുന്നു കാരണം.
ജയിലില്‍ സന്ദര്‍ശനത്തിനെത്തുന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പലപ്പോഴും ഉച്ചഭക്ഷണം ഇവിടെ നിന്നാക്കാറുണ്ടെങ്കിലും ഋഷിരാജ് സിങ് ഇതിനും തയാറായില്ല. തടവുകാര്‍ക്കു നല്ല ഭക്ഷണം നല്‍കാത്തതിലുള്ള അതൃപ്തി തന്നെ കാരണം. ഡിജിപിയുടെ പ്രതികരണം ജയില്‍ ജീവനക്കാര്‍ക്കൊപ്പം തടവുകാരിലും അമ്പരപ്പ് സൃഷ്ടിച്ചു. മുന്‍പ് ജയില്‍ സന്ദര്‍ശനത്തിനെത്തിയ പല ഉന്നത ഉദ്യോഗസ്ഥരോടും ഇതേ പരാതി പലവട്ടം ആവര്‍ത്തിച്ചിരുന്നെങ്കിലും അവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല