ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കീഴിലെ വിവിധ സുരക്ഷ സേനകളില്‍ ഡയറക്ടര്‍ ജനറല്‍ തസ്തികയിലേക്കുളള ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഋഷിരാജ് സിംഗ് മാത്രം. ജേക്കബ് തോമസും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പട്ടികയില്‍ ഇടം പിടിച്ചില്ല.
സിആര്‍പിഎഫ്, ബിഎസ്എഫ്, റോ, ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഐഎ, സിബിഐ തുടങ്ങിയ കേന്ദ്ര സേനകളിലേക്കുളള ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുളള പട്ടികയിലാണ് ഋഷിരാജ് സിംഗിന് ഇടം ലഭിച്ചത്. ഇതിന് സമാനമായ മറ്റ് തസ്തികകളില്‍ നിയമനത്തിന് അര്‍ഹരായവരുടെ പട്ടികയിലാണ് ബെഹ്‌റയുളളത്.
ജേക്കബ് തോമസിനെ രണ്ടിലും ഉള്‍പ്പെടുത്തിയില്ല. ആദ്യ പട്ടികയിലെ 10 പേര്‍ക്കും കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ തസ്തികയിലോ, തത്തുല്യ തസ്തികകളിലോ നിയമിക്കപ്പെടാന്‍ അര്‍ഹതയുണ്ട്.
പട്ടികയില്‍ അഞ്ചാമനാണു സിങ്. രണ്ടാമത്തെ പട്ടികയില്‍ നാലാം സ്ഥാനക്കാരനാണു ബെഹ്‌റ. ഈ പട്ടികയിലുള്ളവര്‍ ഡയറക്ടര്‍ ജനറലിന്റെ തത്തുല്യ തസ്തികകളില്‍ നിയമിക്കപ്പെടാന്‍ അര്‍ഹരെന്നാണ് ഉത്തരവില്‍ പറയുന്നത്.
സീനിയോറിറ്റി, മെറിറ്റ്, സര്‍വ്വീസ് കാലത്തെ ഔദ്യോഗിക പ്രവര്‍ത്തനം എന്നിവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടികയില്‍ ഇടം ലഭിച്ചതിന് പിന്നാലെ ഋഷിരാജ് സിംഗ് ഡപ്യൂട്ടേഷന് അപേക്ഷ നല്‍കി.