ഋഷിരാജ് സിംങ്ങിനെ ‘സിംങ്ക’മാക്കിയത്, പാക്ക് കൊള്ളക്കാരെ അടിച്ചോടിച്ചവർ !

സിങ്കം എന്ന പേര് പൊതുസമൂഹം ചാർത്തി കൊടുത്ത ഒറ്റ ഐ.പി.എസ് ഓഫീസറേ കേരളത്തിൽ ഉണ്ടായിട്ടൊള്ളൂ. അത് ഋഷിരാജ് സിംഗാണ്. കർക്കശക്കാരായ ഐ.പി.എസ് ഓഫീസർമാർ വേറെയും കേരള പൊലീസിൽ ഉണ്ടെങ്കിലും ‘സിങ്കപട്ടം’ ഋഷിരാജ് സിംഗിന് മാത്രമാണ് മാധ്യമങ്ങളും നൽകിയിരുന്നത്. സർവ്വീസിൽ നിന്നും വിരമിച്ചെങ്കിലും ഋഷിരാജ് സിംഗ് ഇപ്പോഴും പൊതു സമൂഹത്തെ സംബന്ധിച്ച് ആവേശം തന്നെയാണ്. വേഷം മാറി തെരുവിൽ ഇറങ്ങിയും തനിക്ക് മുന്നിൽ വരുന്ന പരാതികളിൽ മുഖം നോക്കാതെ നേരിട്ട് നടപടി സ്വീകരിച്ചുമാണ് ഋഷിരാജ് സിംഗ് ശ്രദ്ധേയനായിരുന്നത്. നടപടികളിൽ അസാധാരണ വേഗതയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. നോ പറയേണ്ടത് സീനിയർ ഉദ്യോഗസ്ഥനോട് ആയാലും ഭരണകൂടത്തോട് ആയാലും ഋഷി രാജ് സിംഗ് ‘നോ’ തന്നെ പറഞ്ഞിരിക്കും. സ്ഥലമാറ്റത്തെയോ വകുപ്പ് തല നടപടിയേയോ ഒരിക്കലും ഋഷിരാജ് സിംഗ് ഭയന്നിരുന്നില്ല. നടൻ സുരേഷ് ഗോപിയും മമ്മുട്ടിയും എല്ലാം പൊലീസ് യൂണിഫോമിൽ സിനിമയിൽ കാണിച്ചതിൽ മിക്കതും സ്വന്തം ഔദ്യോഗിക ജീവിതത്തിൽ കാണിച്ചു കൊടുത്ത ഐ.പി.എസുകാരൻ കൂടിയാണ് ഋഷിരാജ് സിംഗ്.

ഔദ്യോഗിക ജീവിതത്തിൽ റിസ്ക്കെടുക്കാൻ തയ്യാറാകാതെ ഒഴിക്കിന് അനുസരിച്ച് നീങ്ങുന്ന പൊലീസ് സേനയിലെ പുതിയ തലമുറയും പഠിക്കേണ്ട ഒരു പാഠപുസ്തകം തന്നെയാണ് ഋഷിരാജ് സിംഗിന്റെ ചങ്കുറപ്പുള്ള ജീവിതം. അതെങ്ങനെ ആയിരുന്നു എന്നത് നമുക്കൊന്നു നോക്കാം.

രാജസ്‌ഥാനിലെ ബിക്കാനീറിലെ പുഗൽ എന്ന ഗ്രാമത്തിലാണ് ഋഷിരാജ് സിംങ് ജനിച്ചത്. പരേതരായ ഇന്ദ്രജിത് സിങ്–ശോഭ കൺവാർ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്തയാളായിരുന്നു അദ്ദേഹം. ഒരിക്കലും തോൽക്കാൻ തയാറാകാത്ത യോദ്ധാക്കളെക്കുറിച്ചു മുത്തശ്ശി സൂരജ് കൺവാർ പറഞ്ഞ കഥകൾ കേട്ടാണ് കൊച്ചു സിംങ്ങ് വളർന്നിരുന്നത്. ഋഷിരാജ് സിംങ്ങിൻ്റെ ഗ്രാമത്തിൽനിന്നും ഏകദേശം 50 കിലോമീറ്റർ ദൂരം മാത്രമേയൊള്ളൂ പാക്കിസ്‌ഥാനിലേക്ക്. അതിർത്തി പ്രദേശമായതിനാൽ പാക്കിസ്‌ഥാനിൽനിന്നും അക്കാലത്ത് കൊള്ളക്കാരും ഇവിടെയെത്താറുമുണ്ട്. കൊള്ളക്കാരെ നിർഭയരായി നേരിടുന്ന ഗ്രാമീണരുടെ ചങ്കൂറ്റം നേരിട്ട് കണ്ടത് തന്റെ മനസ്സിൽ അന്നേ പതിഞ്ഞിരുന്നതായി ഋഷിരാജ് സിംങ്ങ് തന്നെ മുൻപ് ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

പൊലീസ് ഓഫിസർമാരാൽ സമ്പന്നമായ കുടുംബത്തിലെ ഏഴാമത്തെ പൊലീസ് ഓഫീസർ ആയിരുന്നു ഋഷിരാജ് സിംങ്ങ്. അദ്ദേഹത്തിന്റെ പിതാവ് ഇന്ദ്രജിത് സിങ് അഡീഷനൽ എസ്‌പിയായാണ് വിരമിച്ചിരുന്നത്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ സ്വർണമെഡലോടെ പാസായ ഋഷിരാജ് സിങ്ങ് 1985ൽ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയും പാസായി. ഇരുപത്തിനാലാമത്തെ വയസ്സിൽ 20–ാമത്തെ റാങ്കു നേടിയായിരുന്നു ആ വിജയം. ഋഷിരാജ് സിംങ്ങിനെ മലയാളം പഠിപ്പിച്ചത് യഥാർത്ഥത്തിൽ മലയാളം സിനിമകളാണ്. ഇന്നും അദ്ദേഹം മലയാളം സിനിമകൾ ഒഴിവാക്കാറില്ല. ക്ലാസ്മേറ്റ്സ് സിനിമ 3 തവണയാണ് ഋഷിരാജ് സിംങ്ങ് കണ്ടിരിക്കുന്നത്.

പൊലീസ് വേഷങ്ങളിൽ സുരേഷ്‌ഗോപിയെയാണ് ഏറെ ഇഷ്ടം. മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷനും മോഹൻലാലിന്റെ സ്വതസിദ്ധമായ അഭിനയശൈലിയും എല്ലാം ഈ മുൻ ഐ.പി.എസുകാരന് ഏറെ ഇഷ്ടമാണ്. ആവനാഴിയിലെ ഇൻസ്പെക്ടർ ബൽറാമും അദ്ദേഹത്തെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്. മലയാളം അറിയാത്ത ഋഷിരാജ് സിംങ്ങ് പിന്നീട് ‘വൈകും മുൻപേ’ എന്നപേരിൽ മലയാളത്തിൽ ഒരു പുസ്തകവുമെഴുതിയതും ചരിത്രമാണ്. എക്സൈസ് കമ്മിഷണറായിരിക്കുമ്പോഴാണ് അദ്ദേഹം പുസ്തകം എഴുതിയിരുന്നത്. വിട്ടുവീഴ്ച ചെയ്യാതെ ഏറ്റെടുക്കുന്ന ജോലി കൃത്യമായും ഭംഗിയായും ആത്മാർഥമായും ചെയ്യുക നിയമം നടപ്പാക്കുക എന്നതാണ് ഋഷിരാജ് സിംങ്ങ് പിന്തുടർന്നിരുന്ന പോളിസി.

ഒരിക്കൽ ഹൈവേ പട്രോൾ സംഘത്തിന്റെ പ്രവർത്തനം പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ ലുങ്കിയും ടീ ഷർട്ടുമിട്ട് ലോറി ക്ലീനറായി അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധനയ്ക്ക് ഇറങ്ങിയ ഋഷിരാജ് സിംങ്ങിനെ മാധ്യമ പ്രവർത്തകർക്കും മറക്കാൻ കഴിയില്ല. ട്രാഫിക് വകുപ്പ് കൈകാര്യം ചെയ്തപ്പോഴും വേഷംമാറി കൈക്കൂലിക്കാരെ പിടികൂടിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നവരെ പിടിക്കാൻ വേഷം കെട്ടലൊക്കെ വേണ്ടി വരുമെന്നതാണ് സിംങ്ങിന്റെ നിലപാട്. ഇതൊക്കെ ജോലിയുടെ ഭാഗമായാണ് അദ്ദേഹം കാണുന്നത്. തിരുവനന്തപുരത്തെ ഗുണ്ടകളെ അടിച്ചമർത്തിയത് കെ. കരുണാകരൻ ആവശ്യപ്പെട്ടപ്പോൾ ആയിരുന്നെങ്കിൽ കോഴിക്കോട്ടെയും കൊച്ചിയിലെയും ഗുണ്ടാപ്പടയെ തുരത്തിയത് അന്നത്തെ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണിയുടെയും ഇ.കെ. നായനാരുടെയും പ്രത്യേക നിർദേശത്തെ തുടർന്നായിരുന്നു.

rishiraj singh

 

പുനലൂർ എഎസ്പിയായി ഔദ്യോഗിക ജീവിതം തുടങ്ങിയ ഋഷിരാജ് സിംങ് നെടുമങ്ങാട് എഎസ്പി, റെയിൽവേ എസ്പി, കണ്ണൂർ എസ്പി, എംഎസ്പി കമൻഡാന്റ്, തിരുവനന്തപുരം സിറ്റി ഡപ്യുട്ടി പൊലീസ് കമ്മിഷണർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ കമ്മിഷണർ, കോട്ടയം എസ്പി, 1999 മുതൽ 2004 വരെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് എസ്പിജിയിൽ, 2004ൽ ബറ്റാലിയൻ ഐ.ജി, കെഎസ്ഇബിയിൽ ചീഫ് വിജിലൻസ് ഓഫിസർ, ക്രൈംബ്രാഞ്ച് ഐജി, 2008 മുതൽ 2013 വരെ സിബിഐയിൽ ജോയിന്റ് ഡയറക്ടർ തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ, എക്സൈസ് കമ്മിഷണർ, ജയിൽ ഡിജിപി തസ്തികകളിലാണ് പ്രവർത്തിച്ചിരുന്നത്.

മൂന്നാർ കയ്യേറ്റഭൂമി ഒഴിപ്പിക്കാൻ വി.എസ്. സർക്കാർ രൂപീകരിച്ച മൂന്നാർ ഓപറേഷൻ മൂന്നംഗ ടീമിൽ ഋഷിരാജ് സിംങും അംഗമായിരുന്നു. കെ.എസ്.ഇ.ബി. യുടെ ചീഫ് വിജിലൻസ് ഓഫീസറായി നിയമിതനായപ്പോൾ സംസ്ഥാനത്തെ നിരവധി വ്യവസായ യൂണിറ്റുകളുടെ വൈദ്യുതി മോഷണം കണ്ടു പിടിച്ച് വൻതുക പിഴ ചുമത്തിയതും ഋഷിരാജ് സിംങ്ങാണ്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും വീടുകളിലേക്കു വരെ അന്ന് വിജിലൻസ് ടീം റെയ്ഡ് നടത്തുകയുണ്ടായി.18 കോടിയോളം വരുമാനമാണ് ഈ ഒറ്റ നടപടിയിലൂടെ സർക്കാറിനുണ്ടായിരുന്നത്.

മുൻ മുഖ്യമന്ത്രി കരുണാകരൻ്റെ മകൾ പത്മജയും, വൈദ്യുതി മോഷണത്തിനു പിഴയൊടുക്കിയവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, വൻകിട മുതലാളിമാരിൽ നിന്നും പിരിഞ്ഞു കിട്ടാനുള്ള 3000 കുടിശ്ശികയിലും ഋഷിരാജ് സിംങ്ങ് പിടിമുറുക്കിയപ്പോൾ പിരിച്ചെടുക്കുന്ന നടപടിയിൽ ഇടപെടാൻ ഇദ്ദേഹത്തിന് അവസരം ലഭിക്കും മുൻപേ സ്ഥലം മാറ്റുകയാണ് ഉണ്ടായത്. തിരുവനന്തപുരത്തെ ഒരു പ്രധാന കാറ്ററിംഗ് സ്ഥാപനം ഭൂഗർഭ കേബിൾ വഴി വൈദ്യുതി മോഷ്ട്ടിക്കുന്നത് കണ്ടു പിടിച്ചതിനു തൊട്ടു പിന്നാലെ ആയിരുന്നു സ്ഥലമാറ്റ ഉത്തരവും വന്നിരുന്നത്.

മുംബൈയിൽ സി.ബി.ഐ ജോയന്റ് ഡയറക്ടറായിരിക്കെ അദ്ദേഹം സ്വീകരിച്ച കർക്കശ നടപടികൾ ഭരണകൂടത്തിൻ്റെ ഉറക്കം കെടുത്തുന്നതായിരുന്നു. എവിടെ നിയമനം നൽകി ഒതുക്കിയാലും ‘ഒതുങ്ങാത്ത’ ഈ ഐ.പി.എസ് ഓഫീസർക്കു മുന്നിൽ ഏറെ വെള്ളംകുടിച്ചത് കോൺഗ്രസ്സ് സർക്കാറുകളാണ്. സർവ്വീസിൽ നിന്നും വിരമിക്കുന്നതു വരെ പൊലീസ് സേനയിൽ മാത്രമല്ല മാധ്യമങ്ങളിലും നിറഞ്ഞു നിന്ന ഹീറോ ഈ ‘സിങ്ക’മായിരുന്നു. ഋഷിരാജ് സിംങ്ങിൻ്റെ സിനിമയെ വെല്ലുന്ന ഈ കഥകളാണ് പൊലീസിലെ പുതു തലമുറയും കണ്ടു പഠിക്കേണ്ടത്. അപ്പോൾ മാത്രമേ അഴിമതിക്കാർക്കും ക്രിമിനലുകൾക്കും ഭയവും ഉണ്ടാകുകയൊള്ളൂ. കാലം ആവശ്യപ്പെടുന്നതും അതു തന്നെയാണ്.

EXPRESS KERALA VIEW

Top