നിലമ്പൂര്‍: കേരളത്തില്‍ ലഹരിപാര്‍ട്ടികള്‍ ഹോട്ടലുകളില്‍ നിന്ന് വീടുകളിലേക്ക് മാറുന്നതായി മുന്‍ എക്‌സൈസ് കമ്മീഷണറും ജയില്‍ ഡി.ജി.പിയുമായിരുന്ന ഋഷിരാജ് സിങ്. ലഹരിക്കടത്തിന് കുട്ടികള്‍ക്കായുള്ള ജയിലില്‍ കഴിയുന്നത് 400 കുട്ടികളാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂര്‍ ടൗണ്‍ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസും എക്‌സൈസും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയതോടെയാണ് ലഹരിപാര്‍ട്ടികള്‍ വീടുകളിലേക്ക് മാറ്റിയിരിക്കുന്നത്.
പെണ്‍കുട്ടികളെപ്പോലും ലഹരിക്കടത്തിന് കാരിയര്‍മാരാക്കുകയാണ്. ഒരു പൊതി സ്‌കൂള്‍ ബാഗിലാക്കി ലക്ഷ്യസ്ഥലത്തെത്തിച്ചാല്‍ അഞ്ഞൂറും ആയിരം രൂപയുമാണ് ഇവര്‍ക്ക് പ്രതിഫലം. ലഹരികടത്തിയ നാനൂറോളം കുട്ടികളാണ് കുട്ടികള്‍ക്കായുള്ള ജയിലില്‍ കഴിയുന്നത്. തമാശക്കായാണ് പലരും ലഹരി ആദ്യമായി ഉപയോഗിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാല്‍പോലും വീണ്ടും ഉപയോഗിച്ച് അടിമകളാക്കുന്നതരത്തിലുള്ളതാണ് ലഹരി വസ്തുക്കള്‍. സ്ത്രീകള്‍ക്കായി ലിപ്സ്റ്റിക്കിലും സിഗരറ്റിലും വരെ ലഹരിയെത്തുന്നുണ്ട്.
തലമുറകളെ നശിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടം കുട്ടികളില്‍ നിന്നാണ് തുടങ്ങേണ്ടത്. ആയിരത്തോളം സ്‌കൂളുകളില്‍ ലഹരിക്കെതിരെ പ്രസംഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ 1300 സ്‌കൂളുകളിലും 7000 കോളേജുകളിലും ലഹരിവിരുദ്ധ പ്രചരണവുമായെത്താനാണ് തീരുമാനം. എക്‌സൈസ് കമ്മീഷണറായിരിക്കെ ലഹരിക്കെതിരെ ആരംഭിച്ച പോരാട്ടം ഇപ്പോഴും തുടരുകയാണ്.
മന്ത്രിമാരും നേതാക്കന്‍മാരും കളക്ടറും എസ്.പിയും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം മാസത്തില്‍ ഒരു സ്‌കൂളിലെങ്കിലുംപോയി ലഹരിവിപത്തിനെതിരെ കുട്ടികളോട് സംസാരിക്കണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അത് സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കും. താന്‍ ദിവസം മൂന്നും നാലും സ്‌കൂളുകളില്‍ വരെ ലഹരിക്കെതിരായ പ്രചരണവുമായി പോവുന്നുണ്ട്.
കേരളത്തില്‍ സര്‍ക്കാര്‍ ജോലികളില്‍ കൂടുതല്‍ വനിതകള്‍ എത്തണം. ഒന്നരക്കോടി സ്ത്രീകളില്‍ കേവലം 22 ശതമാനം പേര്‍മാത്രമാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളത്. സിനിമകള്‍ ലഹരിയെ പ്രോസ്താഹിപ്പിക്കുന്നുണ്ടെന്ന് പറയാനാവില്ലെന്നും വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ നാഷി വിനോദിന് പ്രസ് ക്ലബ് ഉപഹാരം ഋഷിരാജ് സിങ് കൈമാറി. പ്രസ് ക്ലബ് പ്രസിഡന്റ് ലാല്‍ ജോസഫ്, സെക്രട്ടറി പി.എം രാംമോഹന്‍, കേമ്പില്‍ രവി, ഉമ്മര്‍ നെയ്‌വാതുക്കല്‍, എം. സനോജ് പ്രസംഗിച്ചു.