മുംബൈ: മുന്‍ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി റൈസിങ് പൂനെ സൂപ്പര്‍ജയന്റ് ഐ.പി.എല്‍ ക്രിക്കറ്റില്‍ നാലാം വിജയം നേടി.
തിങ്കളാഴ്ച നടന്ന മത്സരത്തില്‍ സ്റ്റീവന്‍ സ്മിത്ത് നയിച്ച പൂനെ മൂന്നു റണ്‍സിനാണ് മുംബൈയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: പൂനെ 20 ഓവറില്‍ 6ന് 160; മുംബൈ20 ഓവറില്‍ 8ന് 157.
പത്താം സീസണിലാദ്യമായി ഫോം കണ്ടെത്തിയിട്ടും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക്(39 പന്തില്‍ 58) മുംബൈയെ വിജയത്തിലേക്ക് നയിക്കാനായില്ല. ജയിക്കാന്‍ അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്ന മുംബൈക്ക് 13 റണ്‍സേ കിട്ടിയുള്ളൂ.
ഇടങ്കയ്യന്‍ പേസ് ബൗളര്‍ ജയ്‌ദേവ് ഉനദ്കട്ട് എറിഞ്ഞ ഈ ഓവറില്‍ രോഹിതിന്റേതടക്കം രണ്ടു വിക്കറ്റുകള്‍ വീണു. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് 21 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു.
ആദ്യം ബാറ്റു ചെയ്ത പുണെ ഓപ്പണര്‍മാരായ രാഹുല്‍ ത്രിപാഠി(31 പന്തില്‍ 45), അജിങ്ക്യ രഹാനെ(38) എന്നിവരുടെ കരുത്തിലാണ് 160 സ്‌കോറിലെത്തിയത്. മുംബൈ വിജയവഴിയിലായിരുന്നെങ്കിലും അവസാന ഓവറുകളില്‍ തുടരെ വിക്കറ്റു വീണത് തിരിച്ചടിയായി.
തോറ്റെങ്കിലും എട്ടു കളിയില്‍ 12 പോയന്റുള്ള മുംബൈയാണ് ഒന്നാം സ്ഥാനത്ത്. ഏഴു കളിയില്‍ നാലാം ജയം നേടിയ പുണെ നാലാം സ്ഥാനത്തേക്ക് കയറി.