കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.67 അടിയായി താഴ്ന്നു. ഇതേതുടര്‍ന്ന് അധിക ജലം ഒഴുക്കി കളയാന്‍ തിങ്കളാഴ്ച രാത്രി തുറന്ന എട്ട് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. കനത്ത മഴ മാറി!യതോടെ സംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇന്നലെ സ്പീല്‍വേ ഷട്ടറുകള്‍ തുറന്ന് ഇടുക്കി അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 4200 ഘനയടിയും തമിഴ്‌നാട്ടിലേക്ക് സെക്കന്‍ഡില്‍ 2100 ഘനയടി ജലമാണ് ഒഴുക്കിയത്.
പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം ജില്ലാ ഭരണകൂട്ടം നല്‍കിയിട്ടുണ്ട്. സ്പില്‍വേ ഷട്ടര്‍ തുറന്നതിനെ തുടര്‍ന്ന് അണക്കെട്ടിന് സമീപത്തെ ആറു വീടുകള്‍ വെള്ളം കയറി. എന്നാല്‍, ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാന്‍ പ്രദേശവാസികള്‍ തയാറായിട്ടില്ല.
അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തമിഴ്‌നാടിനെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേരള പ്രതിനിധികള്‍ ഇന്ന് മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയുമായി ചര്‍ച്ച നടത്തും. ഇവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളം അന്തിമതീരുമാനം കൈക്കൊള്ളുന്നത്.
കേന്ദ്ര ജല കമ്മീഷനിലെ ധാരണ പ്രകാരം ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് തമിഴ്‌നാട് കേരളത്തിന് ഔദ്യോഗികമുന്നറിയിപ്പ് നല്‍കേണ്ടതാണ്. എന്നാല്‍ ഇന്നലെ ഷട്ടറുകള്‍ തുറക്കുന്നതിന് അഞ്ച് മിനുട്ട് മുമ്പ് മാത്രമാണ് തേനി ജില്ലാ കളക്ടര്‍ കേരളത്തെ ഇക്കാര്യം അറിയിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ 24 മുതല്‍ കേരളം തമിഴ്‌നാടിനെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ജലകമ്മീഷന്റെയോ തമിഴ്‌നാടിന്റെയോ കേന്ദ്രത്തിന്റെയോ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമുണ്ടായില്ല. ജലം വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.